വിശാഖപട്ടണം: രാജ്യത്ത് മൂന്നാമതൊരു കൊവിഡ് തരംഗമുണ്ടായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് നീതി അയോഗ് വൈസ് ചെയർമാൻ ഡോ.രാജീവ് കുമാർ. 2019-20 വർഷങ്ങളിൽ കൊവിഡ് മൂലം ഇന്ത്യയ്‌ക്ക് വലിയ സാമ്പത്തിക നഷ്‌ടമുണ്ടായി. എന്നാൽ ഇപ്പോൾ അതിൽ നിന്നും രാജ്യം പുറത്തുകടക്കുകയാണെന്നും ഡോ. രാജീവ് പറഞ്ഞു. വിശാഖപ്പട്ടണത്തെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സൂചകങ്ങളെല്ലാം മെച്ചപ്പെടുന്നതിന്റെ സൂചന കാട്ടുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് മൂന്നാമത് കൊവിഡ് തരംഗമുണ്ടായാലും മുൻപത്തെക്കാൾ നന്നായി നാം തയ്യാറായിക്കഴിഞ്ഞു. അതിനാൽ സാമ്പത്തികമായി മുൻപുണ്ടായത് പോലെ തകർച്ച ഇന്ത്യക്ക് നേരിടേണ്ടി വരില്ല. 'ഐസിഎംആർ പറഞ്ഞതനുസരിച്ച് രാജ്യത്തെ മൂന്നിൽ രണ്ട് പേർക്കും രോഗം വഴിയോ വാക്‌സിനിലൂടെയോ പ്രതിരോധ ശേഷി വന്നുകഴിഞ്ഞു.' രാജീവ് കുമാർ അഭിപ്രായപ്പെട്ടു.
ലോകത്തെ മികച്ച മൂന്നാമത് സ്‌റ്റാർട്ടപ്പ് സംവിധാനമുളളത് ഇന്ത്യയിലാണ്. എന്നാൽ ഗ്ളോബൽ ഇന്നൊവേഷൻ ഇൻഡക്‌സിൽ ഇന്ത്യ 48ാം സ്ഥാനത്താണ്. ഇത് ആദ്യ പത്ത് സ്ഥാനങ്ങളിലെത്താൻ ശ്രമം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.എൻ പ്രിൻസിപ്പിൾ ഫോർ റെസ്‌പോൺസിബിൾ മാനേജ്മെന്റ് എഡ്യുക്കേഷനായി സൈനപ്പ് ചെയ്യുന്ന മൂന്നാം ഐഐഎം ആയി വിശാഖപ്പട്ടണത്തെ ഐഐഎം മാറി. ഇതോടെ 95 രാജ്യങ്ങളിലെ 860ഓളം പ്രമുഖ ബിസിനസ് സ്‌കൂളുകളുടെ ശൃഖലയിൽ ഐഐഎം ഉൾപ്പെട്ടു.