landslide

ഷില്ലോംഗ്: ഹിമാചൽ പ്രദേശിലെ സംഗ്ല താഴ്വരയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഒൻപത് വിനോദ സഞ്ചാരികൾ മരിച്ചു. നിരവധി പേ‌ർക്ക് പരിക്കേറ്റു. സഞ്ചാരികളുടെ വാഹനം ഉരുൾപ്പൊട്ടലിൽ അകപ്പെടുകയായിരുന്നു. 11 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി വൈകിയും താഴ്വരയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഡോക്ടർമാരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. വലിയ പാറക്കഷ്ണങ്ങൾ വണ്ടിയ്ക്ക് മുകളിലേക്ക് പതിച്ചതാണ് അത്യാഹിതത്തിന് കാരണമായതെന്ന് കിന്നൗർ എസ്.പി സാജു രാം റാണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഹിമാചൽ മുഖ്യമന്ത്രി ജയ്റാം താക്കൂറും അനുശോചനം അറിയിച്ചു. പരിക്കേറ്റവർ‌ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് മോദി ട്വീറ്റ് ചെയ്തു. അതേസമയം,ഭീമൻ കല്ലുകൾ പ‌‌‌ർവതത്തിൽ നിന്ന് പൊട്ടിയടർന്ന് താഴേയ്ക്ക് പതിയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.