പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തുടക്കമായി. പ്രഭാസ് ചിത്രത്തിന് ആദ്യ ക്ലാപ്പടിച്ചു. ഇന്ത്യൻ സിനിമയുടെ ഗുരുവിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ബഹുമതിയായി കാണുന്നുവെന്ന് പ്രഭാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഗുരുപൂർണിമ ദിനത്തിലാണ് ചിത്രത്തിന് ആരംഭമായിരിക്കുന്നത്.
അതേസമയം, ബാഹുബലിയെന്ന സിനിമയിലൂടെ ലോകമൊട്ടാകെ സിനിമാറ്റിക് മാജിക്കല്‍ വേവ് സൃഷ്ടിച്ച പ്രഭാസ് ക്ലാപ്പടിച്ചത് തനിക്ക് ബഹുമതിയാണെന്ന് അമിതാഭ് ബച്ചൻ പ്രതികരിച്ചു. പ്രൊജക്ട് കെ എന്നാണ് സിനിമയ്ക്ക് താൽക്കാലികമായി പേരിട്ടിരിക്കുന്നത്.
പ്രഭാസിന്റെ കരിയറിലെ 21ാമത്തെ ചിത്രമാണിത്. വൈജയന്തി ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.
'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ എന്റർടെയ്നറാകും. ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ ആയി എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവുവാണ്.