സാമ്പിൾ തിരുവല്ല ലാബിൽ പരിശോധിക്കും
കളമശേരി: എച്ച്.എം.ടി. കോളനിക്ക് സമീപത്തെ പാടത്ത് ഇന്നലെ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണോയെന്ന് പരിശോധിക്കും. ഒരു മാസത്തിനിടെ നാലാം തവണയാണ് ഇവിടെ താറാവുകൾ കൂട്ടത്തോടെ ചാവുന്നത്. ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷമായിരുന്നു എല്ലാ സംഭവങ്ങളും. പത്താം വാർഡിൽ നെടുനാര വീട്ടിൽ ഷംസുദ്ദീന്റെ 600 താറാവുകൾ ഇതുവരെ ചത്തു. ഇടയ്ക്ക് പാടത്തെ മത്സ്യങ്ങൾക്കും ഇങ്ങനെ സംഭവിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
കളമശേരി വെറ്ററിനറി ആശുപത്രിയിലെ ഡോ. കെ. പ്രസന്ന സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിച്ചു. ഒരു താറാവിനെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിച്ചു. സാമ്പിളുകൾ ഇന്ന് ജില്ലാ വെറ്ററിനറി ഓഫീസർക്ക് കൈമാറും. ഇവിടെ നിന്ന് തിരുവല്ലയിലെ റീജിയണൽ ലാബിലയച്ച് പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കും. ജീവനുള്ള താറാവിനെയും പരിശോധനയ്ക്ക് അയയ്‌ക്കും. ഫലം കിട്ടിയാലേ കാരണം ഉറപ്പാക്കാനാവൂ എന്ന് ഡോ. പ്രസന്ന പറഞ്ഞു. മലിനീകരണം മൂലമുള്ള വിഷബാധയാണോയെന്നും സംശയമുണ്ട്.
കളമശേരി നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ്, കൗൺസിലർ റാണി രാജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.