കാബൂൾ: തങ്ങൾ നടത്തിയ വ്യോമാക്രമണത്തിൽ 81 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ സെെന്യം. വടക്കൻ ബാൽക്ക് പ്രവിശ്യയിൽ ശനിയാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടതായി പറയപ്പെടുന്നത്. ഹെലികോപ്ടർ ഗൺഷിപ്പുകളും യുദ്ധ വിമാനങ്ങളും ഉപയോഗിച്ചാണ് വ്യോമാക്രമണം നടത്തിയതെന്നും സെെന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കൽദാർ, ചാംതാൽ ജില്ലകളിൽ ശനിയാഴ്ച ഉച്ചയോടെയാണ് അഫ്ഗാൻ സെെന്യം വ്യോമാക്രമണം നടത്തിയത്. ഇവിടെ 81 ഭീകരർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിൽ നിരവധി ആയുധങ്ങൾ വെടിക്കോപ്പുകൾ രണ്ട് ഡസനിലധികം വാഹനങ്ങൾ ഭീകരരുടെ മോട്ടോർ ബെെക്കുകൾ എന്നിവ നശിപ്പിക്കപ്പെട്ടതായും സെെനിക വൃത്തങ്ങൾ അറിയിച്ചു.
യു.എസ് അഫ്ഗാനിലെ തങ്ങളുടെ സെെന്യത്തെ പിൻവലിച്ചതോടെയാണ് താലിബാൻ വീണ്ടും രാജ്യത്ത് ഉയിർത്തെഴുനേറ്റത്. രാജ്യത്തെ പകുതിയിലേറെ പ്രവിശ്യകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. 2001 സെപ്റ്റംബർ 11ന് അൽ-ഖ്വയ്‌ദ വേൾഡ് ട്രേഡ് സെന്റർ ആക്രമിക്കപ്പെട്ടതിന് പിന്നാലെ യു.എസ് അഫ്ഗാനിൽ ആരംഭിച്ച സെെനിക ദൗത്യം ആഗസ്റ്റ് 31ഓടെ ഔദ്യോഗികമായി അവസാനിപ്പിക്കാനുളള ഒരുക്കത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബെെഡൻ.