ജനീവ: കൊവിഡ് പ്രതിരോധ വാക്സിനുകൾക്കെതിരെ ധാരാളം വ്യാജ പ്രചാരണങ്ങൾ നിലവിലിരിക്കെ വാക്സിൻ ഹലാൽ ആണെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. സംഘടനയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ലോകാരോഗ്യ സംഘടന അറിയിച്ചിരിക്കുന്നത്.
കൊവിഡുമായി ബന്ധപ്പെട്ട് പുതിയ ഒരു കാര്യം അറിയിക്കുന്നുവെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റിൽ
മൃഗങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ വാക്സിനുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ലോകമെങ്ങുമുള്ള ശരിയ നിയമ പ്രകാരം അനുവദനീയമായ രീതിയിലുള്ള വാക്സിനുകളാണിതെന്നും വിശദീകരിച്ചിട്ടുണ്ട്.
കൊവിഡ് വാക്സിനുകളിൽ പന്നി അടക്കമുള്ള മൃഗങ്ങളുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന തരത്തിൽ വ്യാപകമായി പ്രചാരണങ്ങൾ നടന്നിരുന്നു. പന്നി, നായ തുടങ്ങിയ മൃഗങ്ങളുടെ മാംസവും അനുബന്ധ ഉൽപ്പന്നങ്ങളും ഇസ്ലാമിക മതനിയമ പ്രകാരം ഉപയോഗിക്കൽ അനുവദനിയമല്ലാത്തതിനാൽ വലിയ വിഭാഗം മുസ്ലീം ജനത വാക്സിനെടുക്കാൻ വിമുഖത കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടന വാക്സിൻ ഹലാലാണെന്ന വിശദീകരണവുമായി രംഗത്തെത്തിയത്.
ബ്രിട്ടണിൽ പുതിയ കൊവിഡ് വൈറസ് വകഭേദം ലണ്ടൻ: അതിതീവ്ര വ്യാപന ശേഷിയുള്ല ഡെൽറ്റ വൈറസ് വ്യാപകമായി പടർന്ന് പിടിക്കുന്ന ബ്രിട്ടണിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. 16 പേർക്കാണ് രാജ്യത്ത് ഈ വൈറസ് ബാധ സ്ഥിരീകരിച്ചത്. B.1.621. എന്ന വകഭേദമാണ് രാജ്യത്ത് ആദ്യമായി കണ്ടെത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും പഠനം പുരോഗമിക്കുകയാണെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഈ വൈറസ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കഴിഞ്ഞ ജനുവരിയിൽ കൊളംബിയയിലാണ് ഇത് ആദ്യമായി കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
അതേസമയം ബ്രിട്ടണിൽ കൊവിഡ് വ്യാപനം പ്രതിദിനം വർദ്ധിച്ചുവരികയാണ്. ശനിയാഴ്ച ബ്രിട്ടണിൽ 31,794 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.