pak-taliban

കാബൂൾ: താലിബാനെ പിന്തുണച്ചതിന് പാകിസ്ഥാനെതിരെ രം​ഗത്തെത്തി അഫ്ഗാൻ ഭരണകൂടം. അഫ്ഗാൻ സെെന്യത്തെ നേരിടാൻ 15,000 ത്തോളം ഭീകരർ പാകിസ്ഥാനിൽ നിന്നും രാജ്യത്തേക്ക് കടന്നിരിക്കാമെന്ന് അഫ്ഗാനിസ്ഥാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഹംദുളള മോഹിബ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാനിൽ പരാജയപ്പെട്ടപ്പോഴെല്ലാം പാകിസ്ഥാനിലെ മദ്രസകളിൽ നിന്നും ആളുകളെ വീണ്ടും റിക്രൂട്ട് ചെയ്യുവാനും പുർവ്വസ്ഥിതിയിലേക്ക് തിരിച്ചുവരുവാനുമുളള അവസരം താലിബാനുണ്ടായിരുന്നതായി ഹംദുളള പ്രതികരിച്ചു. ഈ വർഷം അഫ്ഗാനിൽ യുദ്ധം ചെയ്യാനായി പാകിസ്ഥാനി മദ്രസകളിൽ നിന്നും 10,000 പോരാളികൾ എത്തിയിട്ടുണ്ടെന്ന് ഞങ്ങൾ കണക്കാക്കുന്നു. 15,000 പുതിയ റിക്രൂട്ട്മെന്റുകൾ കൂടി വരാമെന്ന് രഹസ്യാന്വേഷണ വിഭാ​ഗം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

താലിബാന് പാകിസ്ഥാനിൽ സുരക്ഷിത താവളങ്ങളുണ്ട്. ഈ കാലയളവിലുടനീളം അവരുടെ നേതാക്കൾ അവിടെ സുരക്ഷിതമായി കഴിഞ്ഞു. പരിക്കേറ്റ ഭീകരര്‍ക്ക് പാകിസ്ഥാനിലെ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നു. അവര്‍ക്ക് സൈനിക, വൈകാരിക, സാമ്പത്തിക പിന്തുണ ലഭിക്കുന്നു. ഇത് തുടരുന്നു എന്നും ഹംദുളള കൂട്ടിച്ചേർത്തു.

അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഘാനിയും പാകിസ്ഥാനെതിരെ ആഞ്ഞടിച്ചു. അൽ ഖ്വയ്ദ, ലഷ്കർ-ഇ-തായ്‌ബ, ജയ്ഷ്-ഇ-മുഹമ്മദ് എന്നിവരുമായി താലിബാന് ആഴത്തിലുളള ബന്ധമുണ്ടെന്നും അഫ്ഗാനെ തീവ്രവാദികളുടെ സുരക്ഷിത താവളമാക്കിമാറ്റാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.