കോവളം: ഇന്ന് കാർഗിൽ വിജയ ദിവസ്. നുഴഞ്ഞ് കയറിയ പാക് സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ യുദ്ധ വിജയത്തിന് 22 വയസ്. കാർഗിൽ എന്ന് കേൾക്കുമ്പോൾ തലസ്ഥാനം അഭിമാനം കൊള്ളുന്നത് വെങ്ങാനൂരിന്റെ പുത്രൻ ക്യാപ്റ്റൻ ജെറി പ്രേംരാജിനെ ഓർത്താണ്.
വിവാഹത്തിന്റെ 40-ാം നാൾ യുദ്ധഭൂമിയിലേക്ക് പോയി ശത്രുവിന് മേൽ കനത്ത നാശം വിതച്ചാണ് ജെറി വീരമൃത്യു വരിച്ചത്. പരിക്കേറ്റിട്ടും വീരമൃത്യു വരെ പോരാട്ടം തുടർന്ന ധീര സൈനികന് രാജ്യം നൽകിയ ആദരവാണ് വീരചക്രം. പക്ഷെ വീരയോദ്ധാവിന് നാട്ടിലൊരു സ്മാരകം ഇതുവരെ ഉയർന്നിട്ടില്ല. കാർഗിൽ ഓർമ്മദിനത്തിനപ്പുറം അധികാരികളുടെ ശ്രദ്ധ പതിയാത്തത് തന്നെയാണ് കാരണം. ആകെയുള്ളത് ജന്മഗൃഹത്തിനടുത്ത് മാതാപിതാക്കൾ നിർമ്മിച്ച സ്മൃതികുടീരം മാത്രമാണ്. വിജയ് ദിവസം ഇവിടെ എത്തി പുഷ്പാർച്ച നടത്തി മടങ്ങാറുള്ള വിവിധ രാഷ്ട്രീയ നേതാക്കൾ ധീര യോദ്ധാവിന് അനുയോജ്യമായ സ്മാരകം നിർമ്മിക്കുന്നതിന് മുൻകൈയെടുത്തിട്ടുമില്ല.
ദ്റാസിലെ ടൈഗർ ഹിൽസ് തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിനിടെ 1999 ജൂലായ് 7നാണ് ക്യാപ്റ്റൻ ജെറി പ്രേംരാംജിന് ശത്രുപക്ഷത്തിന്റെ വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റിട്ടും ജെറി പിൻവാങ്ങിയില്ല. ശത്രു ബങ്കറുകൾ പൂർണമായും തകർത്ത ശേഷമാണ് ആ വീര യോദ്ധാവ് മരണത്തിന് കീഴടങ്ങിയത്.
ദേശീയ പതാകയിൽ പൊതിഞ്ഞ ഭൗതിക ശരീരം നാലു ദിവസങ്ങൾക്ക് ശേഷമാണ് വെങ്ങാനൂരിലെ വീട്ടിലെത്തിച്ചത്. വെടിയേറ്റ് തകർന്ന ശരീരഭാഗങ്ങൾ മാത്രമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അടച്ച പെട്ടിയിൽ അന്ത്യചുംബനം നൽകാൻ മാത്രമാണ് കുടുംബാംഗങ്ങൾക്ക് കഴിഞ്ഞത്. വെങ്ങാനൂരിലെ രത്നരാജിന്റെയും ചെല്ലത്തായിയുടെയും രണ്ടാമത്തെ മകനായിരുന്നു ജെറി പ്രേംരാജ്. ബിരുദം ഒന്നാം വർഷം പഠിക്കുമ്പോൾ വ്യോമസേനയിൽ ജോലി കിട്ടി. പ്രെവറ്റായി പഠിച്ച് ബിരുദം നേടി. ആറുവർഷത്തെ സർവീസിന് ശേഷം കരസേനയിൽ ഓഫീസറായി.1999 ഏപ്രിൽ 29ന് വിവാഹിതനായി. മധുവിധു ആഘോഷത്തിനിടെയാണ് ജൂൺ 20ന് യുദ്ധഭൂമിയിലേക്കെത്താൻ വിളി വന്നത്