ന്യൂഡൽഹി: ഇന്ന് കാർഗിൽ വിജയ് ദിവസ്. ഈ ദിനത്തിൽ രാജ്യം സ്മരിക്കുന്നത് പിറന്ന മണ്ണിനായി ജീവൻ നൽകിയ 527 സൈനികരെയാണ്. രാജ്യം പരമ വീര ചക്രം നൽകി ആദരിച്ചവരിൽ ക്യാപ്റ്റൻ വിക്രം ബത്രയുമുണ്ടായിരുന്നു. പരിക്ക് വകവയ്ക്കാതെ ശത്രുപാളയം തകർത്തുമുന്നേറിയ അദ്ദേഹം സഹപ്രവർത്തകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.
യുദ്ധഭൂമിയിലെ അദ്ദേഹത്തിന്റെ ധീരതയും നിശ്ചയദാർഢ്യവും മാത്രമല്ല, കാമുകി ഡിംപിൾ ചീമയോടുള്ള സ്‌നേഹവും ഏറെ വേറിട്ടുനിന്നു. ഡിംപിൾ ചീമയും ബത്രയും 1995ൽ ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാലയിൽവച്ചായിരുന്നു ആദ്യമായി കണ്ടുമുട്ടിയത്.
ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു ഇരുവരും. കോഴ്‌സ് പൂർത്തിയാക്കാൻ തങ്ങൾക്ക് സാധിച്ചില്ലെന്ന് ഡിംപിൾ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തി. 1996 ൽ ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ വിക്രം ഏറെ സന്തോഷവാനായിരുന്നുവെന്ന് ഡിംപിൾ ഓർക്കുന്നു.
വീട്ടിൽ തന്നെ വിവാഹത്തിന് നിർബന്ധിക്കാൻ തുടങ്ങിയപ്പോൾ എന്താണോ നിനക്ക് തോന്നുന്നത് അത് ചെയ്യൂവെന്നായിരുന്നു വിക്രം പറഞ്ഞത്. താനെന്നും ആ നിർദേശം പിന്തുടരാനാണ് ശ്രമിച്ചിട്ടുള്ളതെന്ന് ഡിംപിൾ പറയുന്നു.
ഇരുവരും മൻസ ദേവി ക്ഷേത്രവും ഗുരുദ്വാര ശ്രീ നാദ സാഹബും പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഒരു 'പരിക്രമ' പൂർത്തിയാക്കിയ ശേഷം 'അഭിനന്ദനങ്ങൾ, മിസ്സിസ് ബത്ര'യെന്ന് വിക്രം പറഞ്ഞു. ദുപ്പട്ടയുടെ അറ്റത്ത് വിക്രം പിടിച്ചിരിക്കുകയായിരുന്നു. ഇത് നാലാമത്തെ തവണയാണ് നമ്മൾ ഈ പരിക്രമ ചെയ്യുന്നതെന്നറിയോയെന്ന് മനോഹരമായ ചിരിയോടെ അദ്ദേഹം പറഞ്ഞു. ആ ബന്ധത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ വ്യാപ്തി അതായിരുന്നുവെന്ന് ഡിംപിൾ കൂട്ടിച്ചേർത്തു.
വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം തന്റെ പേഴ്‌സിൽ നിന്ന് ഒരു ബ്ലേഡ് പുറത്തെടുത്ത് തള്ളവിരൽ മുറിച്ച് സിന്ദൂര രേഖയിൽ രക്തം പുരട്ടി. ഇന്നുവരെയുള്ളതിൽവച്ച് ഏറ്റവും അമൂല്യമായ ഒരു സംഭവമായിരുന്നു അത്. വിക്രമിന്റെ മരണശേഷം ഡിംപിൾ വിവാഹം കഴിച്ചില്ല.അദ്ദേഹത്തിന്റെ ഓർമയിൽ ജീവിക്കുകയാണ് ഇപ്പോഴും.
അതേസമയം വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന 'ഷേർഷാ' എന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് നായകൻ.ഓഗസ്റ്റ് 12ന് ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസിനെത്തും.