പാലക്കാട്: ജില്ലയിൽ മറ്റൊരു കർഷകനെ കൂടി മരിച്ച നിലയിൽ കണ്ടെത്തി. എലവഞ്ചേരി കരിങ്കുളം സ്വദേശിയായ കണ്ണൻകുട്ടി(56) ആണ് ആത്മഹത്യ ചെയ്‌തത്. കൃഷിക്കായി കണ്ണൻകുട്ടി വായ്‌പയെടുത്തിരുന്നു. വായ്‌പ തിരിച്ചടവ് മുടങ്ങിയതോടെ വട്ടിപ്പലിശ സംഘം ഭീഷണിപ്പെടുത്തി. ഇതോടെയാണ് ഇന്ന് പുലർച്ചെ ഇദ്ദേഹം തൂങ്ങിമരിച്ചത്. നാല് ലക്ഷം രൂപയുടെ കടം കണ്ണൻകുട്ടിയ്‌ക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത് കർഷക ആത്മഹത്യയാണ് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. വളളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നിൽ ചാടിയാണ് ആത്മഹത്യ ചെയ്‌തത്. മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നൽകണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാരായ പ്രകാശൻ, ദേവൻ എന്നിവർ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ ആരോപിച്ചിരുന്നു.