തെലങ്കാനയിലെ വാറങ്കലിൽ നിന്ന് 66 കിലോമീറ്റർ അകലെ മുളുഗു ജില്ലയിൽ പാലംപേട്ട് എന്ന ഗ്രാമത്തിലാണ് രാമപ്പ ക്ഷേത്രം എന്നറിയപ്പെടുന്ന രുദ്രേശ്വര ക്ഷേത്രം. തൃമൂർത്തികളിലെ പ്രധാനിയായ പരമശിവൻ രാമലിംഗേശ്വര സ്വാമിയായി ഇവിടെ കുടികൊളളുന്നു. ഏകദേശം എട്ട് നൂറ്റാണ്ടിന്റെ ചരിത്രമുളള ക്ഷേത്രം യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
12-13 നൂറ്റാണ്ടുകളിൽ കാകതീയ രാജവംശത്തിന് കീഴിലായിരുന്നു ഈ പ്രദേശം. അന്ന് രാജാവായിരുന്ന ഗണപതി ദേവയുടെ സൈന്യാധിപൻ രെച്ചെർല രുദ്ര റെഡ്‌ഡിയാണ് ക്ഷേത്രം നിർമ്മിച്ചത്. 1213 ലാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് ഇവിടെ നിന്നും ലഭിച്ച രേഖകൾ പറയുന്നു. ഏകദേശം 40 വർഷം കൊണ്ടാണ് ക്ഷേത്രം പൂർത്തിയായത്.
വെളളത്തിൽ പൊങ്ങിക്കിടക്കുന്ന പ്രത്യേകതരം കല്ല് ഉപയോഗിച്ച് ആറടി ഉയരത്തിലുളള നക്ഷത്രാകൃതിയിലെ അടിത്തറയുടെ മുകളിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ കാണുന്ന നൃത്തത്തിന്റെയും മറ്റും നിരവധി കൊത്തുപണികൾ ശ്രദ്ധേയവും ഭംഗിയുളളതുമാണ്. ഗണപതി ദേവയുടെ കാലത്ത് കലാ, സാംസ്‌കാരികമായി കാകതീയർ വളരെ മുന്നിലായിരുന്നു. ഇതിന് മികച്ച തെളിവാണ് രാമപ്പ ക്ഷേത്രം. ശിവക്ഷേത്രത്തിന് ആ പേര് വരാൻ കാരണമായത് ക്ഷേത്രം നിർമ്മിച്ച രാമപ്പ എന്ന ശിൽപ്പിയിൽ നിന്നാണ്.
കാകതീയ ഭരണകാലത്ത് ഇവിടെ സന്ദർശിച്ച പല വിദേശ സഞ്ചാരികളും ക്ഷേത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്. മാർക്കോ പോളൊ 'കാകതീയ ക്ഷേത്രങ്ങളിലെ തിളങ്ങുന്ന നക്ഷത്രം' എന്നാണ് രാമപ്പ ക്ഷേത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.
പ്രധാന ക്ഷേത്രത്തിന് ഇരുവശങ്ങളിലുമായി ശിവന്റെ പ്രതിഷ്‌ഠയുളള രണ്ട് ശ്രീകോവിലുകളുണ്ട്. ഇതിന് മുന്നിലായി വലിയൊരു നന്ദികേശ ശിൽപവുമുണ്ട്. സ്ഥലത്ത് ഉണ്ടായിരുന്ന പ്രകൃതിക്ഷോഭങ്ങളും യുദ്ധങ്ങളും കൊളളയടികളെയുമെല്ലാം ക്ഷേത്രം തരണം ചെയ്‌തു. കാലപ്പഴക്കത്തിൽ ക്ഷേത്രത്തിലെ പല ചെറിയ ഭാഗങ്ങളും തകർന്നു. ഇതോടെ ആർക്കിയോളജിക്കൽ സർവെ ഒഫ് ഇന്ത്യ ഏറ്റെടുത്ത് ഇവ പുനക്രമീകരിക്കുകയാണ്.
ഇതുവരെ ഇന്ത്യയിൽ നിന്നും 38ഓളം നിർമ്മിതികൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. രാമപ്പ ക്ഷേത്രത്തിനൊപ്പം ചൈനയിലെ ക്വൻഷു സാംസ്‌കാരിക മേഖല, സ്‌പെയിനിലെ പാസോ ഡെൽ പ്രാഡോ, ബൂയൻ റെറ്റീറോ, ഇറാനിലെ ട്രാൻസ് ഇറാനിയൻ റെയിൽപാത എന്നിവയും യുനെസ്‌കോ പട്ടികയിൽ ഇടം നേടി. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്യത്തിന് അഭിമാനകരമായ ഈ നിമിഷത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.