pregnancy

കൊവിഡ് വ്യാപനത്തിൽ നട്ടംതിരിയുന്ന നമുക്ക്, ഗർഭിണികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള അനുമതി ലഭിച്ചത് വലിയ ഒരു അനുഗ്രഹമാണ്. ഗർഭിണികളെ ഇതുവരെ ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല, അതിന് ചില കാരണങ്ങളുണ്ട്.

5 മുതൽ 10 വർഷം വരെയുള്ള വിവിധ നിരീക്ഷണ,​ പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നു പോയതിന് ശേഷമാണ് മനുഷ്യരിൽ ഉപയോഗിക്കാനുള്ള അനുമതി ഒരു വാക്സിൻ സാധാരണ നേടുന്നത്. എന്നാൽ,​ കൊവിഡ് 19 മഹാമാരിയെ പ്രതിരോധിക്കാനുള്ള കുത്തിവയ്പ്പിന്റെ കാര്യത്തിൽ നമുക്ക് ആ സാവകാശം കിട്ടിയില്ല. മാസങ്ങൾ മാത്രം നീണ്ടുനിന്ന പരീക്ഷണങ്ങളുടെ അവസാനത്തിലാണ് വാക്സിൻ വിപണിയിലെത്തിയത്. മനുഷ്യരിലെ പരീക്ഷണ,​ നിരീക്ഷണങ്ങളിൽ ഒന്നുംതന്നെ ഗർഭിണികളെ ഉൾപ്പെടുത്തിയിരുന്നില്ല എന്നതുകൊണ്ട് വാക്സിനേഷന്റെ ആദ്യഘട്ടത്തിൽ ഗർഭിണികൾക്ക് വാക്സിൻ കൊടുക്കാനും കഴിഞ്ഞില്ല.

കൊവിഡ് 19 വാക്സിനേഷൻ ഗർഭിണികളിൽ സുരക്ഷിതമാണെന്നാണ് മൃഗങ്ങളിലും ഗർഭിണികളിലും നടന്നുവരുന്ന പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇൻഫ്ളുവൻസ വാക്സിൻ പോലെ സമാനതയുള്ള വാക്സിനുകൾ നാം ഗർഭിണികൾക്ക് കൊടുക്കുന്നുണ്ട് എന്നത് ഈ സൂചനയ്ക്ക് കരുത്തേകുന്നു. ലോകമെമ്പാടും 1,25,000 ത്തിൽപ്പരം സ്ത്രീകൾ ഗർഭത്തിന്റെ എല്ലാ ഘട്ടത്തിലും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. ആ അനുഭവസമ്പത്താണ് വാക്സിന്റെ സുരക്ഷയെക്കുറിച്ച് വിശ്വാസം തരുന്നത്.

 നമ്മുടെ സർക്കാർ അനുവദിച്ചിട്ടുള്ള ഏത് വാക്സിനും ഗർഭിണികൾക്ക് സ്വീകരിക്കാം. കൊവിഷീൽഡ്, കൊവക്സിൻ എന്ന രണ്ടു വാക്സിനുകളാണ് കേരളത്തിൽ ലഭ്യമായിട്ടുള്ളത്.

 ഗർഭകാലത്തിന്റെ ഏത് ഘട്ടത്തിലും നമുക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്.

 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൈറോയ്ഡിന്റെ പ്രശ്നങ്ങൾ, ഇരട്ടക്കുട്ടികൾ, ഐ.വി.എഫ് ഗർഭങ്ങൾ എന്നീ സങ്കീർണ്ണതകളുള്ള ഗർഭിണികൾ തീർച്ചയായും വാക്സിൻ സ്വീകരിക്കണം. ഇവരിൽ കൊവിഡ് അസുഖം വന്നാൽ തീവ്രത കൂടുതലായിട്ടാണ് കാണുന്നത്. വാക്സിനെടുക്കുന്ന ചിലർക്കെങ്കിലും രണ്ടു ദിവസത്തേയ്ക്ക് പനി, ദേഹം വേദന എന്നിവ കാണാറുണ്ട്. അതിന് പ്രത്യേക ചികിത്സ ആവശ്യമില്ല.

 ചില ഭക്ഷണ സാധനങ്ങളോടോ മരുന്നുകളോടോ അലർജിയുള്ളവർക്കും വാക്സിൻ സ്വീകരിക്കാവുന്നതാണ്. അലർജിയുള്ള വിവരം ആരോഗ്യപ്രവർത്തകരെ അറിയിക്കുമ്പോൾ അലർജിയുടെ ലക്ഷണങ്ങൾ കണ്ടാൽ എടുക്കേണ്ട ചികിത്സ ഉറപ്പാക്കിയതിനുശേഷമേ ഈ വിഭാഗക്കാർക്ക് വാക്സിൻ നൽകുകയുള്ളൂ.


 രണ്ടാമത്തെ വാക്സിൻ കുത്തിവയ്പ്പ്, ആദ്യത്തെ കുത്തിവയ്പ്പ് കഴിഞ്ഞ് എട്ട് ആഴ്ച കഴിയുമ്പോൾ സ്വീകരിക്കാവുന്നതാണ്. ഗർഭകാലത്ത് കൊവിഡ് വന്നാലുള്ള തീവ്രത പരിഗണിച്ചാണ് ഈ ഇളവ് ശുപാർശ ചെയ്തിട്ടുള്ളത്.

 ഗർഭിണി ആയിരിക്കുമ്പോൾ കൊവിഡ് വന്നവർക്ക് പ്രസവം കഴിഞ്ഞാലുടൻ വാക്സിൻ സ്വീകരിക്കാവുന്നതാണ്. ആദ്യത്തെ ഡോസ് എടുത്തതിന് ശേഷം കൊവിഡ് പിടിപെടുകയാണെങ്കിൽ അസുഖം മാറി മൂന്നു മാസത്തിനുശേഷമോ, പ്രസവം കഴിഞ്ഞുടനെയോ എടുക്കാവുന്നതാണ്.

 പാലൂട്ടുന്ന അമ്മമാർക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

 ഗർഭസ്ഥ ശിശുവിനെ കൊവിഡ് പ്രതികൂലമായി ബാധിക്കുന്നില്ല എന്നാണ് ഹ്രസ്വകാല പഠനങ്ങൾ തെളിയിക്കുന്നത്. ഗർഭിണി കൊവിഡ് വാക്സിൻ സ്വീകരിക്കുന്നത് വഴി ഗർഭസ്ഥ ശിശുവിന് കൊവിഡ് ബാധയ്ക്ക് എതിരായ പ്രതിരോധ ശക്തി കിട്ടുകയില്ല. മുലയൂട്ടുന്ന അമ്മമാർ പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡികൾ മുലപ്പാലിലും കുഞ്ഞിന്റെ അന്നനാളത്തിലും കണ്ടിട്ടുണ്ടെങ്കിലും അത് കുഞ്ഞിന് കൊവിഡ് തടുക്കാനുള്ള പ്രതിരോധശക്തി കൊടുക്കാനുള്ള സാദ്ധ്യതയില്ല. ഈ ദിശയിൽ വീണ്ടും പഠനങ്ങൾ നടത്തേണ്ടതുണ്ട്.

ഇതുവരെയുള്ള ഹ്രസ്വകാല പഠനങ്ങളും അനുഭവസമ്പത്തും കൊവിഡ് വാക്സിനേഷൻ ഗർഭിണികളിൽ സുരക്ഷിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിവേഗം വിനാശം വിതയ്ക്കുന്ന കൊവിഡ്19 അണുബാധയ്ക്ക് മറ്റു ഫലപ്രദമായ ചികിത്സകളൊന്നും കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് മനുഷ്യരാശിക്ക് ആശ്വാസം നൽകുന്ന നടപടിയായി കരുതി നമുക്ക് മുന്നോട്ട് പോകാം. നമ്മുടെ ഗർഭിണികൾക്കും വാക്സിന്റെ രക്ഷ നമുക്ക് വാഗ്ദാനം ചെയ്യാം.


ഡോ. ലക്ഷ്മി അമ്മാൾ
ഗൈനക്കോളജിസ്റ്റ്
എസ്.യു. ടി ആശുപത്രി

പട്ടം,​ തിരുവനന്തപുരം