തിരുവനന്തപുരം: കുണ്ടറ പീഡന പരാതി വിവാദമായ പശ്ചാത്തലത്തിൽ നടപടി കടുപ്പിച്ച് എൻ സി പി. മന്ത്രി എ കെ ശശീന്ദ്രനെ താക്കീത് ചെയ്തതിനൊപ്പം ആറുപേരെ സസ്പെൻഡുചെയ്യുകയും ചെയ്തു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയതിനാണ് ഇവർക്കെതിരെ നടപടി എടുത്തതെന്നാണ് സംസ്ഥാന പ്രസിഡൻ്റ് പി സി ചാക്കോ പറയുന്നത്.
കുണ്ടറ ബ്ലോക്ക് പ്രസിഡൻ്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹണി വിക്ടോ, സംസ്ഥാന സമിതി അംഗങ്ങളായ ജയൻ പുത്തൻപുരയ്ക്കൽ, സലീം കാലിക്കറ്റ്, എൻ വൈ സി കൊല്ലം ജില്ലാ പ്രസിഡൻ്റ് ബിജു എന്നിവരെയാണ് സസ്പെൻഡു ചെയ്തത്. പ്രദീപ് കുമാർ മന്ത്രിയെ കൊണ്ട് ഫോൺ ചെയ്യിപ്പിച്ചുവെന്നും ഹണി വിക്ടോ ഇത് സോഷ്യൽമീഡിയിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ്റെ വിശദീകരണത്തിൽ പറയുന്നത്. ബെനഡിക്ട് പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും അച്ചടക്കത്തിന്റെ കൂടി ഭാഗമായാണ് ഇപ്പോഴത്തെ നടപടിയെന്നും വിശദീകരണത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഫോൺ സംഭാഷണങ്ങളിലും ഇടപെടലുകളിലും ജാഗ്രത പുലർത്തണമെന്നാണ് ശശീന്ദ്രന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.പാർട്ടി പ്രവർത്തകർ നിവേദനങ്ങളും ശുപാർശകളുമായി മന്ത്രിയെ നേരിട്ട് ബന്ധപ്പെടരുതെന്നും സംസ്ഥാന സമിതിയിലൂടെ മാത്രമേ അത്തരം കാര്യങ്ങൾക്ക് സമീപിക്കാവൂ എന്നും നിർദ്ദേശമുണ്ട്.