dog

പരസ്‌പരം വെട്ടിയും കൊന്നും പക തീർക്കുന്ന മനുഷ്യനെന്ന മഹനീയ ജന്മം മിണ്ടാപ്രാണികൾക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്. അടുത്തകാലത്തായി കൂടിവരുന്ന ഇത്തരം ക്രൂരതകൾ മനുഷ്യരുടെ മാനസികരോഗത്തിന്റെ തെളിവാണ്. കാരണം സ്വബോധമുള്ള ഒരാൾക്കും ചിന്തിക്കാൻ പോലും കഴിയില്ല,​ ഇത്തരം കൊടുംക്രൂരതകൾ. കോട്ടയം അയർക്കുന്നത്ത് വാഹനത്തിന് പിന്നിൽ നായയെ കെട്ടിവലിച്ച് പാഞ്ഞതാണ് അവസാനത്തെ വാർത്ത. നായ പിന്നീട് ചത്തുപോയി. അത്രയും ക്രൂരതയ്‌ക്കൊടുവിൽ അത് തുടർന്ന് ജീവിക്കാതിരുന്നത് നന്നായി. പ്രതിക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള വകുപ്പ് പ്രകാരം കേസെടുത്തെന്നും വാർത്ത കണ്ടു. മനുഷ്യരെ കൊന്നവർ രക്ഷപ്പെട്ടു വിലസുന്ന ഈ നാട്ടിൽ മിണ്ടാപ്രാണിയ്‌ക്ക് കിട്ടുന്ന നീതിയുടെ തൂക്കം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ!

വളർത്തുമൃഗങ്ങളോടും തെരുവിലെ മൃ‌ഗങ്ങളോടുമെല്ലാം മനുഷ്യൻ അതിക്രൂരമായി പെരുമാറുന്ന നിരവധി വാർത്തകൾ നാം കണ്ടുകഴിഞ്ഞു. ഈ കേസുകളിലൊക്കെ എത്ര പേർ ശിക്ഷിക്കപ്പെട്ടു?​ പരമാവധി ശിക്ഷ എന്തൊക്കെയെന്നും മറ്റും അറിയാൻ പൊതുജനത്തിന് ആകാംക്ഷയുണ്ട്. മാദ്ധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ പിന്തുടർന്ന് ഇതെപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കണം. മിണ്ടാപ്രാണികൾക്കെതിരെയുള്ള ക്രൂരതയ്‌ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുക മാത്രമാണ് ക്രൂരതകൾ ഒരു പരിധിവരെയെങ്കിലും തടയാൻ നല്ലത്.

സാവിത്രി വിശ്വനാഥൻ

നോർത്ത് പറവൂർ