excise

കൊല്ലം: വൻതോതിൽ ചാരായം നിർമ്മിച്ച് വിൽപന നടത്തിവന്ന കെ എസ് ആർ ടി സി ജീവനക്കാരൻ പിടിയിൽ. അരിനെല്ലൂർ മുട്ടം മുറിയിൽ മുട്ടത്ത് വീട്ടിൽ സ്മിനു രാജൻ ആണ് പിടിയിലായത്. കായകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോ ജീവനക്കാരനാണ് ഇയാൾ. കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബി സുരേഷിന്റെ നിർദേശാനുസരണം കരുനാഗപ്പളളി എക്സൈസ് ഇൻസ്പെക്ടർ ജി.പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.


സ്മിനുവും സഹോദരനായ സ്മിജോ രാജനും ചേർന്ന് വീട്ടുവളപ്പിൽ അതീവ രഹസ്യമായി പ്രത്യേകം സജ്ജീകരിച്ച ഗോഡൗണിൽ വൻ തോതിൽ ചാരയം നിർമ്മിച്ച് ദൂരെ സ്ഥലങ്ങളിലേക്ക് മൊത്ത വിതരണ നടത്തി വരുകയായിരുന്നു. സമീപവാസികൾ അറിയാതിരിക്കുവാൻ നിർമ്മാണ കേന്ദ്രത്തിൽ നിന്ന് കന്നാസുകളിലാക്കി അർദ്ധരാത്രിയിൽ കായൽ മാർഗമാണ് ചാരായം കടത്തിയിരുന്നത്. 150 ലിറ്റർ ചാരായവും 2700 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. സന്തോഷ്,സുധീർ ബാബു, എസ്.കിഷോർ, സീനിയർ ഗ്രേഡ് എക്സൈസ് ഡ്രൈവർ അബ്ദുൾ മനാഫ് എന്നിവർ ഉൾപ്പെട്ടിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. തുടരന്വേഷണം കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ പി മോഹൻ ഏറ്റടുത്തു.