ആലപ്പുഴ: സ്‌ത്രീധന പീഡനത്തെ തുടർന്ന് ആലപ്പുഴ വളളികുന്നത്ത് ഭർതൃവീട്ടിൽ ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19) ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അച്ഛനമ്മമാർ അറസ്‌റ്റിലായേക്കുമെന്ന് സൂചന. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്‌റ്റഡിയിലെടുത്തിരുന്നു.
ഇവരുടെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് സുചിത്ര ആത്മഹത്യ ചെയ്‌തതെന്നാണ് കോടതിയിൽ സമർപ്പിച്ച പ്രാഥമിക വിവര റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷിക്കവെ സ്‌ത്രീധനത്തിന്റെ പേരിൽ മകളെ ഭർത്താവ് വിഷ്ണുവിന്റെ വീട്ടുകാർ പീഡിപ്പിച്ചിരുന്നതായി അച്ഛനമ്മമാർ പൊലീസിൽ മൊഴി നൽകി. തുടർന്നാണ് സുചിത്രയുടെ ഭർത്താവ് വിഷ്‌ണുവിന്റെ മാതാപിതാക്കളായ സുലോചനയെയും ഉത്തമനെയും ചെങ്ങന്നൂർ ഡിവൈഎസ്‌പി കസ്‌റ്റഡിയിലെടുത്തത്.
സ്‌ത്രീധനമായി സുചിത്രയുടെ വീട്ടുകാർ നൽകിയ സ്വർണത്തിനും കാറിനും പുറമേ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നതായി സുചിത്രയുടെ മാതാപിതാക്കൾ മൊഴിനൽകിയിരുന്നു. ഇവരുടെ ആരോപണം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളും നൽകിയിരുന്നു.
മാർച്ച് മാസത്തിലാണ് സൈനികനായ വിഷ്ണുവും സുചിത്രയും വിവാഹിതരായത്. മേയ് മാസത്തോടെ വിഷ്‌ണു തിരികെ ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയി. ഇതിന്ശേഷം ജൂൺ 21നാണ് രാവിലെ 11.30ഓടെ വിഷ്‌ണുവിന്റെ വീട്ടിലെ മുറിയിൽ സുചിത്ര തൂങ്ങിമരിച്ചതായി കണ്ടത്. സുലോചനയാണ് സംഭവം ആദ്യമായി കണ്ടത്.