sajan

ടോക്യോ: പുരുഷ വിഭാഗം നീന്തലിൽ 200 മീറ്റർ ബട്ട‌ർ ഫ്ലൈയിൽ മലയാളി താരം സജൻ പ്രകാശിന് സെമി ഫൈനലിന് യോഗ്യത നേടാനായില്ല. രണ്ടാം ഹീറ്ര്‌സിൽ മത്സരിച്ച സജൻ ഒരു മിനിട്ട് 57.22 സെക്കൻഡിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ഇറ്രലിയിൽ കഴിഞ്ഞ മാസം ഈ ഇനത്തിൽ ഒരു മിനിട്ട് 56.38 സെക്കൻഡിൽ ദേശീയ റെക്കാഡോടെ ഫിനിഷ് ചെയ്ത് എ കാറ്രഗറിയിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവുമായാണ് സജൻ ടോക്യോയിൽ എത്തിയത്. അഞ്ച് ഹീറ്റ്‌സിലുമായി ആദ്യ പതിനാറുപേർക്ക് മാത്രമാണ് സെമിയിലേക്ക് യോഗ്യതയുള്ളത്. 38 പേർ പങ്കെടുത്ത ഹീറ്റ്‌സിൽ 24-ാമതാണ് സജൻ. ഇറ്രലിയിലെ പ്രകടനം പുറത്തെടുത്തിരുന്നെങ്കിലും സജന് സെമി യോഗ്യത കിട്ടില്ലായിരുന്നു . ഹീറ്റ്‌സിലെ 16-ാം സ്ഥാനക്കാരനായ ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസിന്റെ സമയം ഒരു മിനിട്ട് 55.96 സെക്കൻഡാണ്. ഒരു മിനിട്ട് 53.58 സെക്കൻഡാണ് ഹീറ്റ്‌സിലെ ഒന്നാം സ്ഥാനക്കാരനായ ഹങ്കറിയുടെ ക്രിസ്‌റ്രോഫ് മിലാക്ക് കുറിച്ച സമയം. ടോക്യോയിലേക്ക് എ കാറ്റഗറി യോഗ്യത നേടിയ 43 താരങ്ങളിൽ 42-ാം സ്ഥാനത്തായിരുന്നു സജൻ.

കഴിഞ്ഞ തവണ റിയോയിൽ സജൻ 27-ാം സ്ഥാനത്തായിരുന്നു. നാളെ 100 മീറ്രർ ബട്ടർഫ്ലൈയിൽ സജൻ ഹീറ്ര്‌സിൽ മത്സരിക്കാനിറങ്ങും. തുടർച്ചയായി രണ്ട് ഒളിമ്പിക്സികളിൽ പങ്കെടുത്ത ഇന്ത്യൻ നീന്തൽ താരമെന്ന നേട്ടം ഇരുപത്തിയേഴുകാരായ സജൻ സ്വന്തമാക്കി.400 മീറ്ററിലെ മുൻ ഇന്ത്യൻ താരമായിരുന്ന അമ്മ ഷാന്റിമോളാണ് സജനെ നീന്തൽക്കുളത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. ഇടുക്കി മണിയറംകുടി സ്വദേശിയായ ഷാന്റിമോൾ നെയ്‌വേലി ലിഗ്നെറ്ര് കോർപറേഷനിൽ അസിസ്റ്രന്റ് പേഴ്സണൽ ഓഫീസറാണ്. അഞ്ചാം വയസിൽ ലിഗ്നെറ്റ് കോർപറേഷന്റെ നീന്തൽക്കുളത്തിലാണ് സജൻ ആദ്യമായി നീന്തുന്നത്. ആംഡ് പൊലീസിൽ ഇൻസ്‌പെക്ടറായ സജൻ ദുബായിലെ അക്വ നേഷൻ സ്പോർട്സ് അക്കാഡമിയിലാണ് ഇപ്പോൾ പരിശീലിക്കുന്നത്.തിരുവനന്തപുരം സ്വദേശിയായ പ്രദീപ് കുമാറാണ് പരിശീലകൻ.

3 റിലേകളിൽ ഉൾപ്പെടെ 12 ദേശീയ റെക്കാഡുകൾ നിലവിൽ സജന്റെ പേരിലുണ്ട്.

2015ൽ കേരളം വേദിയായ ദേശീയ ഗെയിംസിൽ 6 സ്വർണവും 2 വെള്ളിയും നേടിയാണ് സജൻ വരവറിയിച്ചത്.