ബംഗളൂരു: അഞ്ച് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ വേഷമിട്ട മുതിർന്ന നടി ജയന്തി (76) വിടവാങ്ങി. കന്നഡയിൽ അഭിനയ ദേവത എന്നാണ് അറിയപ്പെട്ടിരുന്നത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
1963ൽ 'ജീനു ഗൂഡു' എന്ന കന്നഡ ചിത്രത്തിലൂടെയാണ് ജയന്തി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്.
കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലായി എല്ലാ പ്രധാന സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എൻ.ടി. രാമറാവു, ജെമിനി ഗണേശൻ, എം.ജി.ആർ, രാജ്‌കുമാർ, രജനികാന്ത് തുടങ്ങിയവരോടൊപ്പം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പാലാട്ട് കോമൻ, കാട്ടുപ്പൂക്കൾ, കളിയോടം, ലക്ഷപ്രഭു, കറുത്ത പൗർണമി, വിലക്കപ്പെട്ട കനി എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് പ്രിയപ്പെട്ട താരമായിരുന്നു ജയന്തി.
ഏഴ് തവണ മികച്ച നടിക്കുള്ള കർണാടക സർക്കാരിന്റെ പുരസ്‌കാരവും രണ്ട് തവണ ഫിലിം ഫെയർ പുരസ്‌കാരവും കരസ്ഥമാക്കിയിട്ടുണ്ട്.