esaf-bank

 ഐ.പി.ഒയിലൂടെ ലക്ഷ്യമിടുന്നത് ₹998.78 കോടി

കൊച്ചി: കേരളം ആസ്ഥാനമായുള്ള പ്രമുഖ ചെറു ഫിനാൻസ് ബാങ്കായ ഇസാഫ് ബാങ്ക് പ്രാരംഭ ഓഹരി വില്പനയ്ക്കായി (ഐ.പി.ഒ) സെബിക്ക് വീണ്ടും അപേക്ഷ (ഡി.ആർ.എച്ച്.പി) സമർപ്പിച്ചു. പുതിയ ഓഹരികളിലൂടെ 800 കോടി രൂപയും ഓഫർ ഫോർ സെയിലിലൂടെ (ഒ.എഫ്.എസ്) 197.78 കോടി രൂപയും സമാഹരിക്കുകയാണ് ലക്ഷ്യമെന്ന് ഡി.ആർ.എച്ച്.പി വ്യക്തമാക്കുന്നു. നിലവിലുള്ള ഓഹരി ഉടമകളിൽ താത്പര്യമുള്ളവർ നിശ്‌ചിത ഓഹരികൾ ഐ.പി.ഒയിൽ വില്പനയ്ക്ക് വയ്ക്കുന്നതാണ് ഒ.എഫ്.എസ്.

യോഗ്യരായ ജീവനക്കാർക്കായി നിശ്‌ചിത ഓഹരികൾ വകയിരുത്തും. ഐ.പി.ഒയ്ക്ക് മുന്നോടിയായി 300 കോടി രൂപയുടെ ഓഹരികൾ പ്രീ-ഐ.പി.ഒ പ്ളേസ്‌മെന്റിലൂടെ നിക്ഷേപകർക്ക് നൽകിയേക്കും. അങ്ങനെയുണ്ടായാൽ, ഈ തുക പുതിയ ഓഹരി വില്‌പനയിൽ നിന്ന് കുറവ് ചെയ്യാം. ആക്‌സിസ് കാപ്പിറ്റൽ, ഈഡൽവീസ്, ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ്, ഐ.ഐ.എഫ്.എൽ എന്നിവയാണ് ഐ.പി.ഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ (ബി.ആ‌ർ.എൽ.എം).

കഴിഞ്ഞവർഷം (2020-21) ഇസാഫ് ബാങ്ക് 105.40 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു. 21 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സാന്നിദ്ധ്യമുള്ള ഇസാഫിന് 550 ശാഖകളും 327 എ.ടി.എമ്മുകളുമുണ്ട്. കഴിഞ്ഞവർഷം ജനുവരിയിലും ഇസാഫ് ബാങ്ക് ഡി.ആർ.എച്ച്.പി സമർപ്പിച്ചിരുന്നു. ഐ.പി.ഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ ഒഴിവാക്കേണ്ടിവന്നു. തുടർന്നാണ്, പുതിയ അപേക്ഷ നൽകിയത്.