പാരിസ് : കിംഗ് ഓഫ് ലൈറ്റ് ഹൗസസ്' എന്നറിയപ്പെടുന്ന ഫ്രാൻസിലെ കോർദുവാൻ ലൈറ്റ്ഹൗസ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ കൂറ്റൻ ലൈറ്റ്ഹൗസ് കഠിനമായ കാലാവസ്ഥയോട് പൊരുതിയാണ് നിലനിന്ന് പോരുന്നതെന്ന കാര്യം യുനെസ്കോ ചൂണ്ടിക്കാട്ടി.
പാരിസ് ആർക്കിടെക്റ്റ് ലൂയി ദെ ഫോയിക്സാണ് കോർദുവാൻ രൂപ കൽപന ചെയ്തത്. ഫ്രാൻസിലെ സുപ്രധാന നിർമിതികളിലൊന്നായ ഈ ലൈറ്റ്ഹൗസിന്റെ നിർമാണത്തിൽ രാജകൊട്ടാരം, ആരാധനാലയം, കോട്ട എന്നീ മൂന്ന് നിർമാണശൈലികളും സംയുക്തമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 1584 നിർമാണമാരംഭിച്ച ലൈറ്റ്ഹൗസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 1611 ൽ പൂർത്തീകരിച്ചെങ്കിലും പതിനെട്ടാം നൂറ്റാണ്ടിൽ മൂന്ന് നിലകൾ കൂടി പണിത് കോർദുവാന്റെ നവീകരണം നടത്തിയിരുന്നു.പതിനാറാം നൂറ്റാണ്ടിൽ ലൈറ്റ്ഹൗസിന്റെ മുകൾ ഭാഗം തകർന്നു വീണത് കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തി. പിന്നീട് ജോസഫ് ട്യൂലർ എന്ന എൻജിനീയറുടെ നേതൃത്വത്തിലാണ് കോർദുവാൻ ഇപ്പോൾ കാണുന്ന വിധത്തിൽ നവീകരിച്ചത്.