ടോക്യോ : ഇത്തവണ ഒളിമ്പിക്സിൽ അരങ്ങേറ്റം നടത്തിയ ഇനമാണ് സ്കേറ്റ് ബോർഡിംഗ്. അപ്പോൾ അതിലെ വിജയികളും കുട്ടികളായിരിക്കുന്നതല്ലെ അതിന്റെ ശരി. അതെയെന്നാണ് വനിതകളുടെ സ്കേറ്ര് ബോർഡിംഗ് ഫലം വന്നപ്പോഴുള്ള ഉത്തരം. സ്വർണവും വെള്ളിയും നേടിയ താരങ്ങൾക്ക് പ്രായം വെറും പതിമ്മൂന്ന് മാത്രം. സ്വർണം ജപ്പാന്റെ മോമിജി നിഷിയയും വെള്ളി ബ്രസീലിന്റെ റെയ്സ ലീലിനും. ഇരുവരും സ്കൂൾ വിദ്യാർത്ഥികൾ. വെങ്കലം പതിനാറുകാരിയായ ഫ്യൂന നകായാമയ്ക്കും.
13 വർഷവും 330 ദിവസവുമാണ് സ്വർണം നേടുമ്പോൾ മോമിജിയുടെ പ്രായം.വ്യക്തിഗത ഇനത്തിൽ സ്വർണം നേടുന്ന ഏറ്രവും പ്രായംകുറഞ്ഞ രണ്ടാമത്തെ താരമാണ് മോമിജി. 1936ൽ ബർലിനിൽ സ്പ്രിംഗ് ബോർഡ് ഡൈവിംഗിൽ സ്വർണം നേടിയ യു.എസ് താരം മർജോറി ഗസ്ട്രിംഗാണ് ഒളിമ്പിക്സിൽ സ്വർണം നേടിയ ഏറ്രവും പ്രായം കുറഞ്ഞ താരം. സ്വർണം നേടുമ്പോൾ 13 വർഷവും 268 ദിവസവുമായിരുന്നു മർജോറിയുടെ പ്രായം. ആധുനിക കാലത്ത് ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്രവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം വെള്ളിത്തിളക്കമുള്ള റെയ്സയ്ക്കാണ്. 13 വർഷവും 203 ദിവസവുമാണ് മെഡൽ നേടുമ്പോൾ റെയ്സയുടെ പ്രായം.