കോട്ടയം: അയർക്കുന്നത്ത് വാഹനത്തിന് പിന്നിൽ കെട്ടിവലിച്ച് നായയോട് ക്രൂരത കാട്ടിയയാൾ അറസ്റ്റിൽ. സംഭവത്തിന്റെ സി.സി ടി.വി കാമറാ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇന്നലെ രാത്രി വൈകി പൊലീസ് പ്രതിയെ പിടികൂടിയത്. കൂരോപ്പട പുതുകുളം വീട്ടിൽ ജെഹു തോമസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. നായ ചത്തു പോയി. ഇന്നലെ പുലർച്ചെ ആറരയോടെ അയർക്കുന്നം - ളാക്കാട്ടൂർ റോഡിലൂടെയാണ് കാറിനു പിന്നിൽ നായയെ കെട്ടിവലിച്ചത്. സംഭവം കണ്ട നാട്ടുകാർ പൊതു പ്രവർത്തകരെ സമീപിച്ചു. അയർക്കുന്നത്തെ പാലയ്ക്കാമറ്റത്തിൽ ഐസക്കിന്റെ വീട്ടിലെ സി.സി.ടി.വിയിൽ നിന്ന് വാഹനത്തിന്റെ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു. തുടക്കത്തിൽ രേഖാമൂലം പരാതി ലഭിക്കാതെ കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.