''ഞാൻ മരിച്ചാൽ, മരിക്കുന്ന സ്ഥലത്തു നിന്നും ആറു മണിക്കൂറിനുള്ളിൽ എന്നെ എന്റെ നാട്ടിലോ ഏതെങ്കിലും പൊതുശ്മശാനത്തിലോ കൊണ്ടുപോയി സംസ്‌കരിക്കണം. മതപരമായ യാതൊരുവിധ ചടങ്ങുകളും പാടില്ല. വായ്ക്കരിയിടൽ,കോടിയിടൽ മുതലായവയൊന്നും അരുത്. എന്റെ മൃതദേഹം ദഹിപ്പിക്കരുത്. റീത്ത് സമർപ്പണവും ഫോട്ടോ എടുപ്പും വേണ്ട. അനുശോചനയോഗം കൂടരുത്. ഫണ്ട് പിരിക്കുകയോ സ്മാരകം ഉണ്ടാക്കുകയോ ചെയ്യരുത്. മൃതദേഹം വള്ളികുന്നത്തു കൊണ്ടുപോവുകയാണെങ്കിൽ എന്റെ അച്ഛനെ കുഴിച്ചിട്ടിരിക്കുന്നതിന് സമീപത്തായി എന്നെയും കുഴിച്ചിടണം. അവിടെയുള്ള കൂവളത്തിനു വളമാകട്ടെ''. മരണത്തിന്റെ മന്ദ്രമണിനാദം കാതുകളിൽ വീണലിയുമ്പോൾ മുറിഞ്ഞുപോവുന്ന വാക്കുകൾ ചേർത്തുവച്ച് കാമ്പിശ്ശേരി കരുണാകരൻ പറഞ്ഞത് ഇങ്ങനെയായിരുന്നു.
1977 ജൂലായ് 27ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരിക്കുമ്പോൾ അമ്പത്തഞ്ച് വയസ് മാത്രം പ്രായം. അമ്പത്തഞ്ച് വയസ് എന്നത് മരിക്കേണ്ട പ്രായമല്ല എന്നു തോന്നിപ്പിക്കുമ്പോഴും ജീവിതകാലമത്രയും രോഗങ്ങളുടെ ഉറ്റതോഴനായിരിക്കാൻ വിധിക്കപ്പെട്ട് പലവട്ടം മരിച്ചു ജീവിച്ച കാമ്പിശ്ശേരിയെ സംബന്ധിച്ചിടത്തോളം നീട്ടിക്കിട്ടിയ ആയുസാണ് അമ്പത്തഞ്ചിൽ അറ്റുപോയത്. ഭാര്യ പ്രേമവല്ലിയും മക്കൾ റാഫി,റോബി, ഉഷ എന്നിവരും ഉൾപ്പെടുന്ന കുടുംബത്തെയും ബന്ധുക്കളും സുഹൃത്തുക്കളും പൊതുജനങ്ങളുമൊക്കെയായി വലിയൊരു സംഘാതത്തെയും കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് കാമ്പിശ്ശേരി കടന്നുപോയത്.
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽപ്പെട്ട വള്ളികുന്നം എന്ന ഗ്രാമത്തിലെ സമ്പന്നമായ കാമ്പിശ്ശേരി തറവാട്ടിൽ 1922 മാർച്ച് മൂന്നാം തീയതിയാണ് പി.എൻ കരുണാകരൻ എന്ന കാമ്പിശ്ശേരി കരുണാകരൻ ജനിച്ചത്.
സംസ്‌കൃതം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസമായിരുന്നു കാമ്പിശ്ശേരിക്ക് ലഭിച്ചത്. കാമ്പിശ്ശേരിയുടെ സാഹിത്യ- പത്രപ്രവർത്തക ജീവിതകാലത്ത് ഈ സംസ്‌കൃത സംബന്ധം ഏറെ സഹായകമായി. അഴകും ഒതുക്കവുമുള്ള സ്വന്തം ഭാഷ രൂപപ്പെടുത്തിയെടുക്കുന്നതിനു പുറമെ, ഭാഷയിലെ ശരിതെറ്റുകൾ വിവേചിച്ചറിഞ്ഞ് മറ്റുള്ളവരുടെ രചനകളിലെ പ്രമാദങ്ങൾ തിരുത്തുന്നതിനും സംസ്‌കൃതജ്ഞാനം ഉപകരിച്ചു. വള്ളികുന്നത്തെ അരീക്കര സ്‌കൂളിൽ തുടങ്ങിയ കാമ്പിശ്ശേരിയുടെ വിദ്യാഭ്യാസം തിരുവനന്തപുരം സംസ്‌കൃത കോളേജിൽ അവസാനിക്കുകയായിരുന്നു. സംസ്‌കൃത കോളേജിൽ മഹോപാദ്ധ്യായ അവസാനവർഷം പഠിക്കുമ്പോൾ ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന വിദ്യാർത്ഥി പ്രക്ഷോഭണത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ സർ സി.പിയുടെ പൊലീസ് കാമ്പിശ്ശേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഈ സംഭവം കാമ്പിശ്ശേരിയുടെ ഔപചാരിക വിദ്യാഭ്യാസത്തിന് അന്ത്യം കുറിച്ചു.
രാഷ്ട്രീയ പ്രവർത്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നടൻ എന്നിങ്ങനെ ഭിന്നമുഖങ്ങളുണ്ട് കാമ്പിശ്ശേരിയുടെ കർമ്മകാണ്ഡത്തിന്. എങ്കിലും പത്രപ്രവർത്തകൻ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രസിദ്ധിയും പ്രസക്തിയും വർദ്ധിച്ചത്. യഥാർത്ഥത്തിൽ 1942- 43 കാലഘട്ടത്തിൽ വള്ളികുന്നത്തു നിന്ന് പ്രസിദ്ധീകരിച്ച 'ഭാരതത്തൊഴിലാളി' എന്ന കൈയെഴുത്തു മാസികയിൽ തുടങ്ങുന്നുണ്ട് കാമ്പിശ്ശേരിയുടെ പത്രപ്രവർത്തക ജീവിതം. ഭാരതത്തൊഴിലാളിയുടെ പത്രാധിപർ കാമ്പിശ്ശേരിയായിരുന്നു. ഉറ്റ സുഹൃത്തുക്കളായ തോപ്പിൽ ഭാസിയും പുതുശ്ശേരി രാമചന്ദ്രനും സഹപത്രാധിപന്മാരും. മൂവരുടെയും എഴുത്തിന്റെ ആദ്യകളരി ആ മാസികയിലായിരുന്നു.
കാമ്പിശ്ശേരിയിലെ പത്രപ്രവർത്തകൻ പിന്നീട് വിസ്‌മയകരമായ വളർച്ചയാണ് നേടിയത്. യുവകേരളം, കേരളം, കേരള ഭൂഷണം, രാജ്യാഭിമാനി, വിശ്വകേരളം, പൗരധ്വനി എന്നിങ്ങനെ വിവിധ പത്രങ്ങളിൽ ലേഖകനായും എഡിറ്റോറിയൽ അംഗമായും പ്രവർത്തിച്ചതിൽപ്പിന്നെ 1954-ൽ അദ്ദേഹം ജനയുഗത്തിലെത്തി. പിന്നീടുള്ള അദ്ദേഹത്തിന്റെ യാത്ര മരണം വരെ ജനയുഗത്തോടൊപ്പമായിരുന്നു.
നാടകത്തെയും അഭിനയത്തെയും തികഞ്ഞ ഗൗരവത്തോടെ സമീപിച്ച കാമ്പിശ്ശേരിയുടെ അഭിനയചിന്തകൾ എന്ന ഗ്രന്ഥം മലയാള നാടകപഠന ഗ്രന്ഥങ്ങളിൽ പ്രമുഖമാണ്. അഭിനയം അദ്ദേഹത്തിന് ജീവശ്വാസം പോലെ പ്രധാനമായിരുന്നു. കെ.പി.എ.സിയുടെ രൂപവത്‌കരണം മുതൽ ഒപ്പം നിന്നുകൊണ്ടും അതിന്റെ പ്രധാന ചുമതല വഹിച്ചുകൊണ്ടും വേദിയിലെ നിറസാന്നിദ്ധ്യമായി നാടകപ്രവർത്തനത്തിന്റെയും അഭിനയ പാടവത്തിന്റെയും അന്യാദൃശമായ മാതൃക അദ്ദേഹം കാട്ടിത്തന്നു. എട്ടാമത്തെ വയസിൽ 'ഹരിശ്ചന്ദ്ര ചരിതം' നാടകത്തിലെ രോഹിതാശ്വന്റെ വേഷമിട്ട് അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച കാമ്പിശ്ശേരിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ വേഷം 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തിലെ പരമുപിള്ളയുടേതായിരുന്നു. അഞ്ഞൂറിൽപ്പരം വേദികളിലാണ് ഈ കഥാപാത്രവുമായി കാമ്പിശ്ശേരി അരങ്ങു വാണത്.
കാമ്പിശ്ശേരിയുടെ മതം സ്‌നേഹമാണ്, വിശ്വസ്‌നേഹമാണ്. കാമ്പിശ്ശേരിയുടെ സാഹിത്യ രചനകളെയും ഫലിതങ്ങളെയും ഒരു കോമിക് ജീനിയസിന്റെ ഉത്‌പന്നങ്ങളായാണ് കാണാനാവുന്നത്.