maria

ടോക്യോ: ടോക്യോ ഒളിമ്പിക്സ് വനിതകളുടെ ഫെൻസിംഗിൽ റൗണ്ട് ഒഫ് 32ൽ അപ്രതീക്ഷിത തോൽവി നേരിട്ട ശേഷം വിഷമിച്ച് ഇരിക്കുകയായിരുന്നു അർജന്റീനയുടെ ഫെൻസിംഗ് താരം മരിയ മൗറിസ്. ഒരു പ്രാദേശിക ടി വി ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ തോൽവിക്ക് വിശദീകരണം നൽകി കൊണ്ടിരിക്കുമ്പോൾ പിന്നിൽ സംഭവിക്കുന്നതെന്തെന്ന് മരിയ അറിഞ്ഞിരുന്നില്ല. ടി വി അവതാരകൻ തിരിഞ്ഞു നോക്കാൻ പറഞ്ഞതിനെ തുട‌ർന്ന് പിന്നിലേക്ക് നോക്കിയ മരിയ കണ്ടത് തന്റെ പരിശീലകൻ കൂടിയായ സോസെഡൊ ഒരു പേപ്പറിൽ എഴുതിയ വിവാഹ അഭ്യർത്ഥനയുമായി നിൽക്കുന്നതാണ്. ആദ്യത്തെ ഞെട്ടലിനു ശേഷം മരിയ സമ്മതം മൂളി.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഒളിമ്പിക്സിനു മുമ്പ് തന്നെ തങ്ങൾ വിവാഹത്തെകുറിച്ച് ചിന്തിച്ചിരുന്നുവെങ്കിലും സോസെഡൊ ഇത്തരത്തിൽ പ്രൊപ്പോസ് ചെയ്യുമെന്ന് താൻ കരുതിയിരുന്നില്ലെന്ന് മരിയ പറഞ്ഞു. വിവാഹ അഭ്യർത്ഥന നടത്താൻ തനിക്കും പദ്ധതിയൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ മരിയ വിഷമിച്ച് ഇരിക്കുന്നതു കണ്ടപ്പോൾ അവളെ ഒന്ന് സന്തോഷിപ്പിക്കുവാൻ വേണ്ടി ചെയ്തതാണെന്ന് സോസെഡൊ പറഞ്ഞു. മരിയ വിജയിച്ചിരുന്നുവെങ്കിൽ താൻ വിവാഹ അഭ്യ‌ർത്ഥന നടത്തില്ലായിരുന്നുവെന്നും സോസെഡൊ വ്യക്തമാക്കി.