മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ഭാരത പുഴ എന്ന സിനിമ ഒരു സ്ത്രീയുടെ മനസാണ്. പുഴ പോലെ കലങ്ങിമറിഞ്ഞും
ചിലപ്പോൾ സ്നേഹത്തിന്റെ നീർച്ചാലുകളായും അവൾ ഒഴുകുന്നു
സ്ത്രീയുടെ ജീവിതം പുഴപോലെയാണ്. ചിലപ്പോൾ കലങ്ങിമറിഞ്ഞ് കരകവിഞ്ഞൊഴുകും. ചിലപ്പോൾ വറ്റിവരണ്ട് വെറും നീർച്ചാലുകൾ മാത്രമാകും.പക്ഷേ അങ്ങനെ ഒഴുകുമ്പോഴും പ്രിയപ്പെട്ടവർക്കായി അവൾ ഒരു തെളിനീരുറവ കാത്തുസൂക്ഷിക്കും.സ്നേഹിച്ചു ചതിക്കുന്നവരെ കാർക്കിച്ചുതുപ്പുകയും ചെയ്യും.
മണിലാൽ രചനയും സംവിധാനവും നിർവഹിച്ച ഭാരത പുഴ എന്ന സിനിമ ജീവിക്കാൻവേണ്ടി തെരുവിലേക്ക് വാതിൽ തുറന്നുവയ്ക്കേണ്ടിവന്ന ഒരു സ്ത്രീയുടെ ജീവിതം പറയുകയാണ്.ആവിഷ്ക്കാരത്തിലെ നൂതനത്വവും ഹൃദയത്തിൽ തട്ടുന്ന സംഭാഷണങ്ങളുമായി പ്രേക്ഷകരിലേക്ക് ഭാരത പുഴ നിറഞ്ഞൊഴുകാൻ പോവുകയാണ്.
കെ.പി.കുമാരൻ, കെ.ആർ.മോഹനൻ, പി.ടി.കുഞ്ഞുമുഹമ്മദ് എന്നിവരുടെ കൂടെ സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള മണിലാലിന്റെ ആദ്യ കഥാചിത്രമാണിത്.കുട്ടികളുടെ സിനിമയായ പച്ചക്കുതിര,ഡോക്യുമെന്ററികളായ കല്ലിന്റെ ജന്മാന്തരങ്ങൾ,കരിമുകൾ,ഇൻജസ്റ്റിസ് ഇൻ കാമറ, പുഴയുടെ അവകാശികൾ,അടുത്തബെല്ലോടുകൂടി ജീവിതം ആരംഭിക്കും എന്നിവയും പ്രണയത്തിൽ ഒരുവൾവാഴ്ത്തപ്പെടുംവിധം ,മഴയോടൊപ്പം മായുന്നത് എന്നീ ഹൃസ്വചിത്രങ്ങളും മണിലാൽ സംവിധാനം ചെയ്തിട്ടുണ്ട്.മാർജാരൻ, ബാർബേറിയൻസ് എന്നീ പുസ്തകങ്ങളും രചിച്ചു.
വാടാനപ്പള്ളിക്കാരനായ മണിലാൽ തൃശൂർ നഗരത്തെ ചുറ്റിപ്പറ്റിയാണ് തന്റെ സിനിമയൊരുക്കിയത്.പ്രമുഖ നാടക പ്രവർത്തകരായ ജോസ് പായമ്മേലും കലാനിലയം രാധയും ശിൽപ്പിയായ ശിൽപ്പിരാജനും ഒക്കെ അവരവരായിത്തന്നെ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
സിജി പ്രദീപാണ് ലൈംഗികത്തൊഴിലാളിയായ നായികയുടെ വേഷം അവതരിപ്പിച്ചത്. ജീവിതത്തെയും സൗഹൃദത്തേയും ഉത്സവമായി ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന പെണ്ണാണ് ആ കഥാപാത്രം.കുന്നുകളിലും തീരങ്ങളിലും സ്വപ്നസഞ്ചാരിയായി പാറിപ്പറന്നു നടക്കാൻ ആഗ്രഹിക്കുന്നവൾ.ഈ സിനിമയിൽ അവൾ പറയുന്ന ഒരു സംഭാഷണമുണ്ട്. ''ഈ ലോകത്തെ ഞാൻ അന്ധമായി വിശ്വസിച്ചു. അതായിരുന്നു തടസ്സം.എന്റെ പേര്,എന്റെ നാട്,എന്റെ ബാല്യം,എന്റെ കൂടപ്പിറപ്പുകൾ,അച്ഛനമ്മമാർ, ചുറ്റുപാടുകൾ അതുമാത്രമാണ് ശരിയെന്നും അതുമാത്രമാണ് സ്നേഹമെന്നും അടങ്ങാത്ത അഭിനിവേശങ്ങൾ എന്നെ മോഹിപ്പിച്ചു.കുരുക്
കുമുറുകിയപ്പോൾ ഒന്നു കുറുകിയതാ..ഏതൊരു ജീവിയേയും പോലെ.അനുഭവങ്ങളിലൂടെ ഞാൻ തിളച്ചുമറിഞ്ഞു. ഉരുകിയൊലിച്ചു. കല്ലിച്ചു.പുനർജനിച്ചു. തിരസ്കാരങ്ങളേക്കാൾ ഭയാനകമായി ഈ ലോകത്ത് മറ്റെന്താണുള്ളത്.ഞാനൊരു പെണ്ണാണ്.തെരുവിലേക്ക് വാതിൽ തുറന്നവൾ,പലതിലേക്കും പകർന്നാടുന്നവൾ,പലതായി നിറയുന്നവൾ. നഗരം വെറിപൂണ്ട ഒരു പുരുഷനാണ്.ശമനം വരാത്ത ആർത്തിയോടെ അതെന്നെ ചുറ്റിവരിയുന്നു.വെറുമൊരു തമാശയായി ഞാനീ ജീവിതത്തെ ആഘോഷിക്കുന്നു.ലോകം ഒരു കളിക്കളം.ഞാനതിൽ കളിക്കാരി. ചിലപ്പോൾ കാഴ്ചക്കാരിയും, ഞാൻ നിങ്ങൾക്കൊപ്പമാണോ?....""
കഥാപാത്രത്തിന്റെ ഓരോ മൂഡും സാഹചര്യങ്ങളുമെല്ലാം സിജി ആത്മാവിലേക്ക് പകരുന്നു. അവിസ്മരണീയമായ അഭിനയം കാഴ്ചവയ്ക്കുന്നു.സിജിക്കു പുറമെ ഇർഷാദ്, എം.ജി.ശശി, സുനിൽസുഖദ, ജയരാജ് വാര്യർ, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വലിയൊരു നിരതന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.ജോമോൻതോമസാണ് കാമറ.റഫീഖ് അഹമ്മദും ഏങ്ങണ്ടിയൂർചന്ദ്രശേഖരനുമാണ് ഗാനരചന. സുനിൽകുമാറാണ് സംഗീതം നിർവഹിച്ചത്. നാരായണി ഗോപൻ പാടിയ ഗാനവും ശ്രദ്ധേയമായി.ടി.എം.ക്രിയേഷൻസിന്റെ ബാനറിൽ തൃശൂരിലെ സൗഹൃദകൂട്ടായ്മയാണ് ചിത്രം നിർമ്മിച്ചത്. മണിലാലിന്റെ ആദ്യ കഥാചിത്രമാണെന്നു സിനിമ കണ്ടാൽ തോന്നുകയില്ല.സംവിധായകൻ മികച്ച കൈയ്യടക്കം പ്രകടമാക്കുന്നു. മണിലാലിന്റെ സംഭാഷണങ്ങളും എടുത്തുപറയേണ്ടതാണ്. ഈ പുരുഷൻ എന്നുവച്ചാലെന്താ.? ഈ ലോകം. ഈ ലോകം എന്നുവച്ചാലെന്താ..?ഈ ലോകമെന്നു വച്ചാൽ എനിക്കെന്താ...?