ചെന്നൈ: ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്ന് കോടതിയിൽ നടൻ വിജയ്. നികുതി അടയ്ക്കുന്നതിനെതിരെ നടൻ മുൻപ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നടനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ച് അന്ന് രൂക്ഷമായ പരാമർശങ്ങളാണ്നടത്തിയത്. ഇതിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിജയ്. മുൻ അഡ്വക്കറ്റ് ജനറൽ വിജയ് നാരായണൻ വഴിയാണ് വിജയ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
താൻ കാറിന് പ്രവേശന നികുതിയടയ്‌ക്കാമെന്നും എന്നാൽ സിംഗിൾ ബെഞ്ച് കോടതിവിധിയിലെ പരാമർശം നീക്കണമെന്നുമാണ് വിജയുടെ ആവശ്യം. ഒരാഴ്‌ചയ്‌ക്കകം നികുതിയടയ്‌ക്കാൻ വിജയ്‌ക്ക് നിർദ്ദേശം നൽകിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്‌തു.
നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാൻ ഏതൊരു സാധാരണ പൗരനും അവകാശമുണ്ടെന്ന് വിജയ് കോടതിയിൽ വാദിച്ചു. കേസിൽ പരാമർശം നീക്കണമെന്ന ആവശ്യത്തിന്റെ തുടർവാദം ഓഗസ്‌റ്റ് 31ന് നടത്തും. നികുതി വകുപ്പ് നോട്ടീസ് നൽകിയാൽ ഒരാഴ്‌ചയ്‌ക്കകം നികുതിയടക്കാമെന്നാണ് വിജയ് കോടതിയെ അറിയിച്ചത്.