ee

മണ്ണിൽ വിരിച്ച

മണലിലാണ്

ജനാർദനേട്ടൻ എനിക്ക്
അ വരച്ചുതന്നത്.
ജനാർദനേട്ടന്റെ കൈപ്പടയിൽ
ഞാൻ അയും അമ്മയും ആനയും
മണലിൽ വരച്ചു.

ജനാർദനേട്ടൻ വെളുത്തിട്ടായിരുന്നു.
കവിളുകൾ തുടുത്ത
കണ്ണുകൾ വിടർന്ന
കട്ടിമീശക്കാരനായിരുന്നു.
മഹാരാജാസിലെ പാട്ടുകാരനായിരുന്നു.
പക്ഷേ, പറയനായിരുന്നു.

കടുംനീല പോളിസ്റ്റർഷർട്ടിൽ
അതീവസുന്ദരനായി
കയ്യിലൊരു ഗിറ്റാറും പിടിച്ച്
തോട്ടുവരമ്പിലൂടെ നടന്നുവരുന്ന
ജനാർദനേട്ടൻ നാട്ടുകാർക്ക്
പറയൻ ജനാർദനനായിരുന്നു.

എല്ലാ പറയൻവിളികൾക്കും
ജനാർദനേട്ടൻ
അതിമനോഹരമായ ചിരികൊണ്ട്
മറുപടി കൊടുത്തു.
ആകാശത്തെ ഉമ്മവയ്ക്കുന്ന
മലയുടെ ചരുവിലിരുന്ന്
മേഘങ്ങളെ നോക്കി പാട്ടുപാടി.

കലമ്പട്ടപ്പൂക്കളുടെ വയലറ്റുനിറത്തിൽ
കാണുന്ന ചുമരിലെലെല്ലാം
ഒരുപെണ്ണിനെ വരച്ചിട്ടു.
കാലം പോകെ
ജനാർദനേട്ടന്റെ ചിരികെട്ടു.

മനസ്സുതകർന്ന ഒരുമൗനമായി
ജനാർദനേട്ടൻ എങ്ങോ മറഞ്ഞുപോയി.
മണ്ണിൽ വിരിച്ച മണലിൽ
ജനാർദനേട്ടന്റെ കൈപ്പടയിൽ
ഞാനിതാ എന്റെ പേരു കോറുന്നു.