പാലക്കാട്: വിവാഹബന്ധം വേർപിരിയാൻ മുകേഷിന് വക്കീൽ നോട്ടീസ് അയച്ചെന്ന് മേതിൽ ദേവിക. പിരിയുന്നത് പരസ്‌പര ധാരണ പ്രകാരമാണ്. ഇപ്പോൾ പ്രചരിക്കുന്ന കഥകളിലൊന്നും സത്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
മുകേഷിനെതിരെ താൻ പരസ്യമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഓൺലൈൻ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന പല കാര്യങ്ങളും തെറ്റാണ്. നാൽപത് വർഷത്തിലധികമായി അഭിനയ രംഗത്തുളള മുകേഷേട്ടനെ അപമാനിക്കാൻ താനാഗ്രഹിക്കുന്നില്ല. വിവാഹമോചനം എന്നത് വളരെ വ്യക്തിപരമായ കാര്യമാണെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷുമായി സൗഹാർദ്ദപരമായി പിരിയാനാണ് ശ്രമിക്കുന്നതെന്നും മേതിൽ ദേവിക അറിയിച്ചു.
രാഷ്‌ട്രീയത്തിലേക്ക് വരാനുളള തീരുമാനം മുകേഷിന്റേതാണ്. വിവാഹമോചനം രാഷ്‌ട്രീയ വിവാദമാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് മേതിൽ ദേവിക പറഞ്ഞു. വിവാഹമോചനത്തിലേക്ക് നയിച്ച കാര്യങ്ങൾ ചർച്ചയാകരുതെന്ന് താൻ ആഗ്രഹിക്കുന്നതായും വളരെ വേദനിപ്പിക്കുന്ന കാര്യങ്ങളാണതെല്ലാമെന്നും ദേവിക അഭിപ്രായപ്പെട്ടു.
വളരെ പക്വമതിയായ മനുഷ്യനായിരുന്നില്ല മുകേഷ്. ദേഷ്യം വന്നാൽ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു. അഭിഭാഷകരുൾപ്പടെ ഇടനിലക്കാരായാണ് വിവാഹമോചന ചർച്ചകൾ നടത്തുന്നത്. വിവാഹമോചനം കഴിഞ്ഞാലും സുഹൃത്തായി തുടരണമെന്നാണ് ആഗ്രഹമെന്നും മേതിൽ ദേവിക പറഞ്ഞു.