തിരുവനന്തപുരം: ഇന്ത്യൻ ഭരണകൂടത്തെയും അതിന്റെ പ്രത്യയശാസ്ത്രത്തെയും നിരന്തരം അലോസരപ്പെടുത്തിയ ചിത്രങ്ങൾ പകർത്തിയ ആളാണ് ഡാനിഷ് സിദ്ദിഖി എന്ന് സ്‌പീക്കർ എം.ബി.രാജേഷ് പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട മാദ്ധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദിഖിക്ക് പ്രണാമം അർപ്പിച്ച് കേരള മീഡിയ അക്കാഡമി, കേരള പത്രപ്രവർത്തക യൂണിയനുമായി സഹകരിച്ച് ഭാരത് ഭവനിൽ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡാനിഷ് സിദ്ദിഖി ഫോട്ടോ പ്രദർശനം സ്പീക്കറും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേർന്ന് അദ്ദേഹത്തിന്റെ നിശ്ചലചിത്രം കാമറയിൽ പകർത്തി ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ സംഘർഷങ്ങളെ ലോകത്തിന് തന്നെ ബോദ്ധ്യപ്പെടുത്തി കൊടുക്കാനുളള ശ്രമത്തിനിടെയാണ് ഡാനിഷ് സിദ്ദിഖിക്ക് ജീവൻ ബലികൊടുക്കേണ്ടി വന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി എൻ.പി സന്തോഷ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, ജില്ലാ സെക്രട്ടറി ബി.അഭിജിത്, കേസരി സ്‌മാരക ജേർണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സുരേഷ് വെളളിമംഗലം, ക്യാപിറ്റൽ ലെൻസ് വ്യു പ്രതിനിധി രാകേഷ് നായർ, ഫോട്ടോജേർണലിസ്റ്റ് യു.എസ്.രാഖി, പ്രമോദ് എന്നിവർ പങ്കെടുത്തു. നിരവധിപേർ ഓൺലൈനിലൂടെ ഡാനിഷിന് ആദരാഞ്ജലികൾ അർപ്പിച്ചു.