raj-kundra

മുംബയ്: നീലച്ചിത്രങ്ങൾ നിർമ്മിച്ച് ആപ്പുകളിലൂടെ വിറ്റഴിച്ച കേസിൽ അറസ്റ്റിലായ വ്യവസായിയും നടി ശില്പഷെട്ടിയുടെ ഭർത്താവുമായ രാജ്​കുന്ദ്രയെ 14 ദിവസത്തെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മുംബയ് പൊലീസ്​ കൂടുതൽ ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല. കുന്ദ്രയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

അതിനിടെ, നടിമാരായ പൂനം പാണ്ഡെ, ഷെർലിൻ ചോപ്ര എന്നിവർക്ക്​ ബോംബെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സെപ്തംബർ 20 വരെ ഇവരുടെ പേരിൽ നടപടി സ്വീകരിക്കരുതെന്ന്​ കോടതി നിർദേശിച്ചു. കുന്ദ്ര ഉൾപ്പെട്ട നീലച്ചിത്ര റാക്കറ്റ്​ കേസിൽ ഹാജരാകാൻ ഷെർലിൻ ചോ​പ്രക്ക്​ നേരത്തെ സമൻസ്​ ലഭിച്ചിരുന്നു.

അതിനിടെ, കഴിഞ്ഞ 23ന് ശില്പയുടെയും കുന്ദ്രയുടെയും വീട്ടിൽ ക്രൈംബ്രാഞ്ച്​ നടത്തിയ പരിശോധനയ്ക്കിടെ കുടുംബത്തിന്റെ സൽപ്പേര് നശിപ്പിച്ചുവെന്നാരോപിച്ച് നടി ഭർത്താവിനെതിരെ ആക്രോശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
'എല്ലാം ഉണ്ടായിട്ടും എന്തിനുവേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് ' നടി കണ്ണീരോടെ ഭർത്താവിനോട് ചോദിച്ചുവെന്നാണ് വിവരം. ഇരുവരും തമ്മിലുള്ള വാക്കേറ്റം കൈയാങ്കളിയിലേക്ക് കടന്നതോടെ പൊലീസ്​സംഘം ഇടപെട്ടതായും ഭർത്താവിന്റെ ഇടപാടുകളിൽ തനിക്ക്​ പങ്കില്ലെന്ന്​ ശില്പ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.