ബീജിംഗ് : ലോകത്താദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്ത ചൈനയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രോഗം പിടിമുറുക്കുന്നു. കൊവിഡിന്റെ അതിതീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ് പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഴക്കൻ നഗരമായ നാൻജിങ്ങിൽ 71 പുതിയ കൊവിഡ് കേസുകളാണ് പുതിയ വകഭേദം മൂലം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെൽറ്റ വകഭേദം രാജ്യത്താകമാനം വ്യാപകമായി പടർന്ന് പിടിക്കാതിരിക്കാൻ ശക്തമായ മുൻകരുതൽ നടപടികളുമായി മുന്നോട്ട് പോകുകയാണ് ചൈനീസ് സർക്കാർ.
ഉയർന്ന അപകടസാദ്ധ്യതയുള്ള 4 മേഖലകളും അപകടസാദ്ധ്യത കുറവുള്ള 30 മേഖലകളുമായാണ് നിലവിൽ നാൻജിംഗ് നഗരത്തെ തിരിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെല്ലാം സാമൂഹിക അകലം ഉൾപ്പെടെയുള്ള കർശനമായ നിയന്ത്രണങ്ങളും സർക്കാർ ഏർപ്പെടുത്തി. നഗരത്തിലെ മുഴുവൻ ജനങ്ങളും ഒന്നാം ഘട്ട കൊവിഡ് പരിശോധനയ്ക്ക് വിധേയമായിക്കഴിഞ്ഞു.
നാൻജിങ്ങ് പ്രവിശ്യയിൽ ഏകദേശം 9.3 മില്യൺ ജനങ്ങൾ താമസിക്കുന്നതായാണ് വിവരം. പ്രദേശത്തെ എല്ലാ നഗരവാസികളേയും വിപുലമായ രണ്ടാംഘട്ട പരിശോധനയ്ക്ക് വിധേയരാക്കികൊണ്ടിരിക്കുകയാണ്. മാത്രമല്ല നഗരത്തിന്റെ പ്രധാനപ്പെട്ട മേഖലകളിൽ മൂന്നാംഘട്ട പരിശോധനകളും ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു. ദിനംപ്രതി പതിനായിരക്കണക്കിന് ജനങ്ങളാണ് രാജ്യത്ത് കൊവിഡ് ടെസ്റ്റിന് വിധേയരാകുന്നത്. ഇതിലൂടെയാണ് ചൈന രാജ്യത്ത് കൊവിഡിനെ പിടിച്ചു കെട്ടിയതും.
നാൻജിയാങ്ങിന് അടുത്തുള്ള സുക്യയൻ എന്ന നഗരത്തിലും ലിയോണിങ് പ്രവശ്യയിലും ഡെൽറ്റ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. കൊവിഡ് രൂക്ഷമായി പടർന്ന് പിടിക്കുന്ന മ്യാൻമർ അതിർത്തിയിലുള്ള ചൈനീസ് പ്രദേശങ്ങളിലും കൊവിഡ് പടർന്ന് പിടിക്കുന്നത് ചൈനയ്ക്ക് വെല്ലുവിളിയാണ്. ചൈനയിൽ ഇതുവരെ 92,676 പേർ കൊവിഡ് മുക്തരായിട്ടുണ്ട്.