v-d-satheesan

തിരുവനന്തപുരം: കൊവിഡ് മരണക്കണക്കിൽ സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. എന്നാൽ സർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോവിഡ് മരണക്കണക്ക് സംബന്ധിച്ച ക്രമക്കേട് പ്രതിപക്ഷം നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ളതാണ്. എന്നാൽ സർക്കാർ തുടക്കം മുതൽ സ്വീകരിക്കുന്ന സമീപനം നിഷേധാത്മകമാണ്. ആദ്യം നിയമസഭയിൽ ഉന്നയിച്ചപ്പോൾ പരിഹസിച്ച് മറുപടി പറഞ്ഞ മന്ത്രിക്കു പിന്നീട് പ്രതിപക്ഷം ഉന്നയിച്ചത് വസ്തുതയാണെന്ന് അംഗീകരിക്കേണ്ടി വന്നു. എന്നാൽ ഇപ്പോഴും സർക്കാർ ഇത് സംബന്ധിച്ച് ഒളിച്ചു കളിക്കുകയാണ്. സർക്കാരിന്റെ ഈ സമീപനം അർഹതപ്പെട്ട കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാക്കും. ഇന്ന് പ്രതിപക്ഷം സർക്കാരിന്റെ കണക്കുകളിലെ പൊരുത്തക്കേട് കണക്കുകൾ സഹിതം പൊതുജനങ്ങളുടെ മുന്നിൽ വയ്ക്കുന്നു. ഇത് സർക്കാരിന്റെ കണക്കുകളിലെ തന്നെയുള്ള അന്തരമാണ്. യാഥാർഥ്യം ഇതിലും എത്രയോ കൂടുതലാണ്. കോവിഡ് മരണ കണക്കുകൾ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയർത്തിക്കൊണ്ടേ ഇരിക്കും. സർക്കാർ മറുപടി പറയണം

അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട ചർച്ചയിൽ സതീശൻ കൊവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട പൊരുത്തക്കേട് നിയമസഭയിൽ ഉന്നയിച്ചിരുന്നു. മുഖ്യമന്തിയുടെ ഇന്നലെ നടന്ന വാർത്താകുറിപ്പിൽ സംസ്ഥാനത്ത് ഇതു വരെ 16170 കൊവിഡ് മരണങ്ങൾ നടന്നുവെന്നാണ് പറഞ്ഞത്. എന്നാൽ വിവരാവകാശനിയമ പ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ കേരളത്തിൽ ഇതു വരെ 23486 കൊവിഡ് മരണങ്ങൾ നടന്നതായാണ് കേരളാ മിഷൻ മറുപടി നൽകിയത്.

ഇക്കാര്യം ശരിവയ്ക്കുന്ന വിവരാവകാശ രേഖകളും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ രേഖ പ്രകാരമാണ് കണക്കില്‍പ്പെടാത്ത 7316 മരണങ്ങള്‍ സംസ്ഥാനത്ത് കൊവിഡ് കാരണം സംഭവിച്ചിട്ടുള്ളതായി വിവരം ലഭിച്ചിരിക്കുന്നത്. 2020 ജനുവരി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മരണങ്ങളുടെ കണക്കാണിത്. ഇതിനുമുമ്പ് കേന്ദ്ര സര്‍ക്കാരും ഐ.സി.എം.ആറും കേരളത്തിലെ കൊവിഡ് മരണങ്ങളില്‍ പൊരുത്തക്കേടുണ്ടെന്ന് സൂചിപ്പിച്ചിട്ടുണ്ട്.