ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ) കനറാ ബാങ്ക് മൂന്നിരട്ടിയോളം (190 ശതമാനം) വളർച്ചയോടെ 1,177.47 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. സിൻഡിക്കേറ്റ് ബാങ്ക് കനറാ ബാങ്കിൽ ലയിച്ച 2020-21ലെ സമാനപാദത്തിൽ 406.24 കോടി രൂപയായിരുന്നു ലാഭം. 20,685.91 കോടി രൂപയിൽ നിന്ന് മൊത്തം വരുമാനം നേരിയ വർദ്ധനയോടെ 21,210.06 കോടി രൂപയിലെത്തി.
കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് (പ്രൊവിഷൻസ്) 3,826.34 കോടി രൂപയിൽ നിന്ന് 3,728.52 കോടി രൂപയിലേക്ക് കുറഞ്ഞത് ബാങ്കിനെ മികച്ച ലാഭം നേടാൻ സഹായിച്ചു. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 8.84 ശതമാനത്തിൽ നിന്ന് 8.50 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 3.95 ശതമാനത്തിൽ നിന്ന് 3.46 ശതമാനത്തിലേക്കും കുറഞ്ഞതും നേട്ടമാണ്.