വനിതാ ബോക്സിഗിൽ ഇന്ത്യയുടെ ലവ്‌ലീന ബോർഗോഹയ്‌ൻ(നീല ജഴ്സി) ജർമ്മനിയുടെ നാദീൻ അപെറ്റ്സിനെ നേരിടുന്നു
ടോക്യോ : ഷൂട്ടിംഗ് ഉൾപ്പടെ പ്രതീക്ഷ പുലർത്തിയ ഇനങ്ങളിൽ പിന്നോട്ടുപോയെങ്കിലും ടോക്യോയിലെ വനിതാ ബോക്സിംഗിൽ നിന്ന് ഇന്ത്യയ്ക്ക് ആശ്വാസവാർത്ത. പ്രീ ക്വാർട്ടറിൽ ജർമ്മനിയുടെ നാദീൻ അപെറ്റ്സിനെ 3-2ന് തോൽപ്പിച്ച ലവ്‌ലീന ബോർഗോഹയ്‌നാണ് ആവേശം പകർന്നത്. ക്വാർട്ടറിൽ വിജയിച്ചാൽ ലവ്‌ലീനയ്ക്ക് ഒരു മെഡൽ ഉറപ്പാക്കാനാകും. വെള്ളിയാഴ്ചയാണ് ലവ്‌ലീന ക്വാർട്ടറിൽ മത്സരിക്കാനിറങ്ങുന്നത്. വനിതാബോക്സിംഗിൽ ഇന്ന് പൂജാറാണിയും നാളെ എം.സി മേരികോമും പ്രീ ക്വാർട്ടറിൽ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ആസ്ട്രേലിയയോട് ദാരുണമായി തോറ്റിരുന്ന ഇന്ത്യൻ ഹോക്കി ടീം ഇന്നലെ സ്പെയ്നിനെ 3-0ത്തിന് തോൽപ്പിച്ച് ക്വാർട്ടർ പ്രതീക്ഷ വീണ്ടെടുത്തു.
ബാഡ്മിന്റൺ ഡബിൾസിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ ടീം ഇന്നലെ ബ്രിട്ടനെ തോൽപ്പിച്ചെങ്കിലും ക്വാർട്ടറിൽ കടക്കാനായില്ല.
ടേബിൾ ടെന്നിസ് മൂന്നാം റൗണ്ടിൽ അചാന്ത ശരത് കമലും പുറത്തായി.
ഷൂട്ടിംഗിൽ ഇന്നലെയും ഇന്ത്യൻ താരങ്ങൾ നിരാശപ്പെടുത്തുന്ന പ്രകടനം തുടർന്നു.