assembly-case

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസ് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് രാവിലെ പത്തരയോടെയാണ് കേസിൽ വിധി പറയുക.

ഹർജി തള്ളിയാൽ പ്രതിപ്പട്ടികയിലുള്ള മന്ത്രി വി ശിവൻകുട്ടി, മുൻമന്ത്രി ഇപി ജയരാജൻ, മുൻമന്ത്രിയും നിലവിൽ എംഎൽഎയുമായ കെടി ജലീൽ, മുൻ എംഎൽഎമാരായ സികെ സദാശിവൻ, കെ അജിത്, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ വിചാരണ നേരിടേണ്ടിവരും.

എംഎൽഎമാർക്ക് നിയമസഭയിലുള്ള പ്രത്യേക അവകാശങ്ങൾ ചൂണ്ടിക്കാട്ടി കേസ് നിലനിൽക്കില്ല എന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ എംഎൽഎമാർ സഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നും, പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

2015ൽ ബഡ്ജറ്റ് അവതരണത്തിൽ നിന്ന് അന്നത്തെ ധനമന്ത്രി കെഎം മാണിയെ തടയാനായിട്ടാണ് എൽഡിഎഫ് സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിച്ചത്. ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടസപ്പെടുത്താൻ നടന്ന പ്രതിഷേധം നിയമസഭക്കുള്ളിൽ കയ്യാങ്കളിയായി മാറുകയായിരുന്നു.