കോവളം: മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ഭീമൻ തിരണ്ടി മത്സ്യം കൗതുകമായി. വിഴിഞ്ഞം സ്വദേശി വർഗീസിന്റെ വലയിലാണ് ഒന്നര ടൺ ഭാരമുള്ള മാന്റ ഇനത്തിൽപ്പെട്ട തിരണ്ടി കുടുങ്ങിയത്. മാന്റ തിരണ്ടി ആദ്യമായാണ് വിഴിഞ്ഞത്ത് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. വിഴിഞ്ഞം സ്വദേശിയായ മത്സ്യവ്യാപാരി 44,000 രൂപയ്ക്ക് ലേലമുറപ്പിച്ച് തിരണ്ടിയെ വാങ്ങി.
തുറമുഖം വരുന്നതോടെ അന്താരാഷ്ട്ര തലത്തിൽ തന്നെ കേരളത്തിന്റെ അടയാളമായി വിഴിഞ്ഞം മാറുമെന്ന് ഉറപ്പാണ്. നിരവധി കപ്പലുകളാണ് ഇപ്പോഴേ ക്രൂ എക്സ്‌ചേഞ്ചിന് ഈ തീരത്തെ തിരഞ്ഞെടുത്തിട്ടുള്ളത്. ഇതിനു പുറമേ കേരളത്തിൽ ആദ്യമായി തിമിംഗല സാന്നിദ്ധ്യവും വിഴിഞ്ഞത്ത് കണ്ടെത്തിയിരുന്നു. ഒന്നിന് പുറകേ ഒന്നായി വിഴിഞ്ഞം വാർത്തകളാൽ നിറയുകയാണ്, ഇതൊക്കെ കണ്ട് തലസ്ഥാനവാസികളുടെ മനസും സന്തോഷം കൊണ്ട് നിറയുന്നു.