suicide-

തുറവൂർ: മകൾ കാമുകനൊപ്പം പോയതിൽ മനംനൊന്ത് ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭർത്താവ് മരിച്ചു. ഭാര്യയെ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

പട്ടണക്കാട് സുനിത മൻസിലിൽ സെയ്തുമുഹമ്മദിന്റെ മകൻ അബ്ദുൾ മനാഫ് (48) ആണ് മരിച്ചത്. ഭാര്യ ഹസീന (35) അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം പുറത്തറിയുന്നത്. ഹസീനയുടെ ചന്തിരൂരിലുളള വീട്ടിൽ വച്ചായിരുന്നു ആത്മഹത്യാശ്രമം.

പൊലീസ് പറയുന്നത്: 18ഉം 10ളം വയസുള്ള രണ്ട് പെൺകുട്ടികളാണ് ഇവർക്കുള്ളത്. മൂത്ത മകൾ കഴിഞ്ഞ ദിവസം കാമുകനൊപ്പം പോയിരുന്നു. ഇതേത്തുടർന്ന് മനോവിഷമത്തിലായ മനാഫും ഹസീനയും ഇളയ മകളെയും കൂട്ടി എറണാകുളത്തു പോകുകയാണെന്ന് പറഞ്ഞു ഇന്നലെ പുലർച്ചേ ആറോടെ പട്ടണക്കാട് പൊലീസ് സ്റ്റേഷന് പിന്നിലുള്ള സ്വവസതിയിൽ നിന്ന് ഇറങ്ങി ചന്തിരൂരിലെ ഹസീനയുടെ കുടുംബ വീട്ടിലെത്തി. ഹസീനയുടെ പിതാവ് 2 മാസം മുമ്പ് മരിച്ചതിനാൽ ഒറ്റയ്ക്കായ മാതാവ് ബന്ധുവീട്ടിലാണ് താമസം. ഇരുനില വീടിന്റെ താഴത്തെ നിലയിൽ വാടകയ്ക്ക് ഒരു കുടുംബം താമസിക്കുന്നുണ്ട്. മുകൾനിലയിലെ മുറിയുടെ വാതിൽ തുറന്നു അകത്തു കയറിയ ദമ്പതികൾ ഉറക്കഗുളിക അമിതമായി കഴിച്ച ശേഷം ഇടതുകൈയുടെ ഞരമ്പുകൾ മുറിച്ചു.

ഉറക്കത്തിലായ ഇളയകുട്ടി പകൽ രണ്ടിന് ഉണർന്നപ്പോൾ മാതാപിതാക്കൾ രക്തം വാർന്നു കിടക്കുന്നതാണ് കണ്ടത്. കുട്ടി ഉടൻ മൊബൈൽ ഫോണിൽ അബ്ദുൾ മനാഫിന്റെ പിതാവ് സെയ്തുമുഹമ്മദിനെയും അടുത്ത ബന്ധുക്കളേയും വിവരമറിയിക്കുകയായിരുന്നു.ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആംബുലൻസിൽ ഇരുവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചുവെങ്കിലും മനാഫിനെ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ടാക്സി ഡ്രൈവറാണ് മനാഫ് .അരൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.