temple-

കോട്ടയം: കൊവിഡിനെ തുടർന്ന് ചെറുകിട ക്ഷേത്രങ്ങൾ പ്രതിസന്ധിയിൽ. സ്വകാര്യ ട്രസ്റ്റുകളുടെയും കുടുംബങ്ങളുടെയും കീഴിൽ 87 ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ രണ്ടു മുതൽ 15 ജീവനക്കാർ വരെ ജോലി ചെയ്തിരുന്നു. 2020 മാർച്ചിൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചതാണ് ഇവയിൽ പലതും. ഇടയ്ക്ക് തുറന്നെങ്കിലും പഴയ തോതിൽ ഭക്തർ എത്തുന്നില്ല. അതു കൊണ്ടു തന്നെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടായി.

സാമാന്യം തിരക്കുണ്ടായിരുന്ന ജില്ലയിലെ ഒരു ട്രസ്റ്റിന്റെ ക്ഷേത്രത്തിൽ ശമ്പള ഇനത്തിൽ മാത്രം ഒരു മാസം ഒരു ലക്ഷം രൂപ വേണം. മേൽശാന്തിയും പരികർമ്മികളും അടക്കം 12 ജീവനക്കാരാണുള്ളത്. നിത്യവും അന്നദാനം ഉണ്ടായിരുന്ന ഇവിടെ പാചകക്കാരും സഹായികളും ഉണ്ടായിരുന്നു. കൊവിഡ് ദുരിത കാലത്ത് ഇവരെയെല്ലാം പിരിച്ചുവിട്ടു.

നാട്ടിലും പ്രതിസന്ധി

പ്രശസ്തമായ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് കച്ചവടക്കാരും മറ്റുമായി ഒട്ടേറെ പേർ ജീവിച്ചു പോന്നിരുന്നു. പനച്ചിക്കാട് സരസ്വതി ക്ഷേത്രം തന്നെ ഉദാഹരണം. ഇരുപതിലേറെ കടകളാണ് ഇതിനു ചുറ്റും പ്രവർത്തിച്ചിരുന്നത്. ഇവയെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അത്രയും കുടുംബങ്ങളും പ്രതിസന്ധിയിലായി.

' ക്ഷേത്രത്തിൽ എത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പലരും പുറത്ത് നിന്ന് പ്രാർത്ഥിച്ച് മടങ്ങുകയാണ്. വഴിപാടുകൾ കുറയുകയും നടവരവും കാണിക്കയും ഇല്ലാതാവുകയും ചെയ്തത് വലിയ പ്രതിസന്ധിയാണ്. ക്ഷേത്രത്തിലും അനുബന്ധ സ്ഥാപനങ്ങളിലും പ്രവർത്തിച്ചിരുന്നവരുടെ ഉപജീവനം കഷ്ടത്തിലായി. '

സാബു പൂന്താനം, പ്രസിഡന്റ്
കുറ്റിക്കാട് ദേവസ്വം