fake-currency-

കൊച്ചി :സീരിയൽ നിർമ്മാണത്തിനെന്നു പറഞ്ഞ് പിറവം ഇലഞ്ഞി പൈങ്കുറ്റിയിൽ ഇരുനിലവീട് വാടകയ്‌ക്കെടുത്ത് വ്യാജനോട്ടടിച്ചതിന് പിടിയിലായ ഏഴംഗ സംഘം ഒരു കോടിയുടെ കള്ളനോട്ടടിക്കാനാണ് പദ്ധതിയിട്ടതെന്ന് പൊലീസ്.

ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ സ്റ്റീഫൻ (31), ആനന്ദ് (24), ധനുഷ് ഭവനിൽ തങ്കമുത്തു (60), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36), നെടുങ്കണ്ടം മൈനർ കിഴക്കേതിൽ വീട്ടിൽ സുനിൽകുമാർ (40), റാന്നി കാവുങ്കൽ വീട്ടിൽ മധുസൂദനൻ (48) എന്നിവരാണ് പിടിയിലായത്. ഇവരിൽ ചിലർ കള്ളനോട്ടടി കേസിലെ പ്രതികളാണ്.

7,57,000 രൂപയുടെ വ്യാജ 500 രൂപ നോട്ടുകൾ പിടിച്ചെടുത്തു. അഞ്ച് പ്രിന്ററുകൾ, മഷി, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സ്‌ക്രീൻ പ്രിന്റിംഗ് മെഷീൻ, നോട്ടെണ്ണൽ യന്ത്രം, പേപ്പർ എന്നിവ പിടിച്ചെടുത്തു. പ്രതികളെ മൂവാറ്റുപുഴ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഒൻപതു മാസം മുമ്പാണ് വീട് വാടകയ്‌ക്കെടുത്തത്. പിറവം മേഖലയിൽ കള്ളനോട്ട് പ്രചരിക്കുന്നത് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കള്ളനോട്ട് ലഭിച്ച വിവരം ഇലഞ്ഞിയിലെ പലചരക്ക് വ്യാപാരി അറിയിച്ചതോടെ പ്രതികൾ തങ്ങിയ വിജനമായ പ്രദേശത്തെ വീട്ടിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു.

ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് ഇന്റലിജൻസ് ബ്യൂറോ, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്), പൊലീസ് എന്നിവയുടെ സംയുക്ത സംഘം വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. അഞ്ച് പേരെ വീട്ടിൽ നിന്ന് പിടികൂടി. രക്ഷപ്പെട്ട മധുസൂദനനെയും തങ്കമുത്തുവിനെയും അങ്കമാലിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മധുസൂദനനാണ് വീട് വാടകയ്‌ക്കെടുത്തത്.