ന്യൂഡൽഹി: നിയമസഭ കൈയാങ്കളി കേസിൽ സുപ്രീംകോടതിയിൽ സർക്കാരിന് തിരിച്ചടി. കേസിൽ സർക്കാരിന്റെ ഹർജി കോടതി തളളി. കേസ് പിൻവലിക്കുന്നത് സ്വാഭാവികമായ നീതിയുടെ നിഷേധമാണ്. തെറ്റായ വാദമാണ് ഹർജിയിലൂടെ സർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്നും സഭയിലെ സംഭവത്തിൽ കേസില്ലെന്ന് അറിയിച്ച സ്‌പീക്കർക്ക് അതിന് അധികാരമില്ലെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ജനപ്രതിനിധികൾക്കുളള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുളള ലൈസൻസല്ല. നിയമസഭയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള ലംഘനം നടന്നതായും കേസിൽ ഹൈക്കോടതി വിധി നിലനിൽക്കുമെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, സർക്കാർ സമർപ്പിച്ച ഹർജി തളളിയത്. സഭയിലെ അക്രമം സഭാ നടപടികളുടെ ഭാഗമല്ല. പൊതുമുതൽ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല.
കേസിലെ പ്രതികളായവർ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. ഇതോടെ മന്ത്രി വി. ശിവൻകുട്ടിയും എംഎൽഎയായ കെ.ടി ജലീലും മുൻ മന്ത്രി ഇ.പി ജയരാജൻ, സി.കെ സദാശിവൻ, കെ. കുഞ്ഞഹമ്മദ് മാസ്‌റ്റർ, കെ.അജിത്ത് എന്നിവരും വിചാരണ നേരിടണം. വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും കേസിൽ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്ന് ശിവൻകുട്ടി പ്രതികരിച്ചു.
കേസിൽ പ്രതിസ്ഥാനത്തുളളവരിൽ രണ്ട്പേർ മാത്രമാണ് നിലവിൽ നിയമസഭാംഗങ്ങൾ. അതേസമയം സഭയിൽ പ്രതിപക്ഷം വി.ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി ശിവൻകുട്ടിയെ പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.