കൊല്ലം:നാട്ടുകാര്‍ക്ക് മുന്നില്‍ പൊലീസിനെ വിറപ്പിച്ച് നവമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ചടയമംഗലം സ്വദേശി പതിനെട്ടുകാരി ഗൗരിനന്ദ. സാമൂഹ്യ അകലം പാലിക്കാന്‍ സ്ഥലമില്ലാത്ത സ്വകാര്യ ബാങ്കിന് മുന്നില്‍ കൂട്ടംകൂടി നിന്നുവെന്ന പേരില്‍ പൊലീസ് പിഴ ചുമത്തിയതോടെയാണ് ഗൗരിനന്ദ പൊട്ടിത്തെറിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് മുന്നിലായിരുന്നു സംഭവം. അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു. ഇതിനിടെ പൊലീസ് ഗൗരിനന്ദയ്ക്കും പിഴ ചുമത്തി. കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെ ഗൗരി രോഷാകുലയായി.
പൊലീസ് മടങ്ങിയതോടെയാണ് ഗൗരി ശാന്തയായത്. പക്ഷേ പൊലീസ് വിട്ടില്ല. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പേരില്‍ ഗൗരിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പൊലീസല്ലേ, പ്രശ്നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനാണ് ഗൗരിയുടെ തീരുമാനം. പ്ലസ് ടു ഫലം കാത്തിരിക്കുകയാണ് ഗൗരിനന്ദ. അച്ഛന്‍ അനില്‍കുമാറിന് കൂലിപ്പണിയാണ്. അമ്മ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റാണ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജനുമുണ്ട്.
യുവജന കമ്മിഷന് പരാതി നല്‍കി
പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നല്‍കി. യുവജന കമ്മിഷന്‍ കൊല്ലം റൂറല്‍ എസ്.പിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിന് മുന്നില്‍ സാമൂഹ്യ അകലം ലംഘിച്ചതിന് അവിടെ നിന്നവര്‍ക്ക് നോട്ടീസ് നല്‍കി. പെണ്‍കുട്ടി മാത്രം നോട്ടീസ് വലിച്ചുകീറി എറിഞ്ഞ് ബഹളം വയ്ക്കുകയായിരുന്നു.
ചടയമംഗംലം സി.ഐ