തിരുവനന്തപുരം : നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കാനാവില്ലെന്ന സുപ്രീംകോടതി വിധി വരുമ്പോൾ അതിന്റെ ആഘാതം രണ്ടാം പിണറായി സർക്കാരിലേക്കും പതിക്കുകകയാണ്. പിണറായി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ വി ശിവൻകുട്ടി നിയമസഭ കൈയാങ്കളി കേസിൽ വിചാരണ നേരിടേണ്ടി വരും എന്ന് ഉറപ്പായതോടെ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരിക്കുകയാണ്.
നിയമസഭയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള ലംഘനം നടന്നതായും കേസിൽ ഹൈക്കോടതി വിധി നിലനിൽക്കുമെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി സർക്കാർ സമർപ്പിച്ച ഹർജി തളളിയത്. ഇതോടെ മന്ത്രി വി. ശിവൻകുട്ടിയും വിചാരണ നേരിടേണ്ടി വരും. പൊതുമുതൽ നശിപ്പിച്ച കേസിൽ പ്രതിയായ ഒരാൾ മന്ത്രിസഭയിൽ തുടരുന്നത് സർക്കാരിന് കളങ്കമായി മാറും. ഇത് മുന്നിൽ കണ്ട് പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
തുടക്കത്തിലേ കല്ലുകടി
രണ്ടാം പിണറായി മന്ത്രി സഭയിൽ തുടക്കത്തിലെ കല്ലുകടിയായത് മരം കൊള്ളയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് സംഭവിച്ചതെങ്കിലും തുടർ ഭരണമായതിനാൽ സർക്കാരിന് എളുപ്പം കൈകഴുകാൻ ആവുമായിരുന്നില്ല. വനം വകുപ്പ് മുൻ സർക്കാരിന്റെ കാലത്ത് ഭരിച്ചിരുന്ന മുന്നണിയുടെ കൈയ്യിൽ നിന്നും മാറ്റിയതിനാൽ അത്തരത്തിലുള്ള പ്രതിപക്ഷ ആക്രമണത്തിൽ നിന്നും സർക്കാർ രക്ഷപ്പെട്ടിരുന്നു. എന്നാൽ സത്യം പുറത്ത് കൊണ്ടുവന്ന ഉദ്യോഗസ്ഥർക്ക് നേരെ ശിക്ഷ നടപടി എന്ന് വ്യാഖ്യാനിക്കാനാവുന്ന തരത്തിലുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചത്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ പ്രസ്താവനകളും മുന്നണിയിലെ പ്രമുഖരായ സി പി ഐയ്ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.
എ കെ ശശീന്ദ്രൻ രണ്ടാം മന്ത്രിസഭയിലും വിവാദപുരഷനായത് പീഡന പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിലാണ്. പരാതിക്കാരിയുടെ പിതാവിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് മന്ത്രിയുടെ ശബ്ദമടക്കമുള്ള തെളിവുകളാണ് പുറത്തു വന്നത്. ഈ വിഷയം പ്രതിപക്ഷത്തിന് അപ്രതീക്ഷിതമായി കിട്ടിയ ഒരായുധം കൂടിയായിരുന്നു. എന്നാൽ മന്ത്രിയുടെ വാക്കുകളിൽ രാജിവയ്ക്കത്തക്ക വിധത്തിലുള്ള തെറ്റുകളില്ലെന്ന നിലപാടാണ് സർക്കാരും മുന്നണിയും എടുത്തത്.
ഈ വിഷയത്തിന്റെ കനൽ കെട്ടണയും മുൻപാണ് ഐ എൻ എല്ലിലെ ആഭ്യന്തര കലാപം സർക്കാരിന്റെ യശസിന് നാണക്കേടാക്കി മാറ്റിയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ സി പി എം അംഗീകരിച്ച് നൽകിയ മന്ത്രി സ്ഥാനം പാർട്ടിയിലെ കലാപത്തിൽ നഷ്ടമാകുമോ എന്ന് ഇനിയും കണ്ടറിയേണ്ടി ഇരിക്കുന്നു. പരസ്പരം പഴിചാരി ഐ എൻ എല്ലിലെ ഇരുവിഭാഗവും പുറത്താക്കുമ്പോഴും മന്ത്രിയെ കൂടെ നിർത്താൻ രണ്ട് കൂട്ടരും ശ്രമിക്കുന്നുണ്ട്.
ശശീന്ദ്രനെതിരായ ആരോപണം മാദ്ധ്യമങ്ങളിലൂടെ ഉയർന്നതും ഐ എൻ എൽ കലാപം പാർട്ടിക്കുള്ളിലെ തർക്കമായും പര്യവസാനിച്ചേക്കാം. എന്നാൽ ശിവൻകുട്ടിയുടെ രാജി കോടതി ഇടപെടൽ ഉയർത്തിക്കാട്ടി പ്രതിപക്ഷം ശക്തമായി ഉയർത്തും എന്ന് ഉറപ്പാണ്. ഒന്നാമതായി സി പി എമ്മിനെ സമ്മർദ്ദത്തിലാക്കാൻ കിട്ടുന്ന അവസരമാണിത്. ഇതിൽ കോൺഗ്രസിനേക്കാൾ ഊർജ്ജത്തോടെ സമരമുന്നണിയിൽ ബി ജെ പിയുടെ സാന്നിദ്ധ്യവും പ്രതീക്ഷിക്കാം. നേമം മണ്ഡലത്തിലെ തങ്ങളുടെ ഏക സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് അക്കൗണ്ട് ക്‌ളോസ് ചെയ്ത നേതാവാണ് ശിവൻകുട്ടി. എന്നാൽ ഇതെല്ലാം മുൻകൂട്ടി കണ്ടുകൊണ്ടുള്ള പ്രതികരണമാണ് കോടതി വിധിക്ക് തൊട്ട് പിന്നാലെ ശിവൻകുട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. വിധിപ്പകർപ്പ് ലഭിച്ചിട്ടില്ലെന്നും കേസിൽ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്നുമാണ് മന്ത്രി വി ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം.
കോടതിയുടെ വാക്കുകളിൽ രൂക്ഷ വിമർശനം
ശക്തമായ വിമർശനമാണ് നിയമസഭ കൈയാങ്കളി കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട സർക്കാരിന് കോടതിയിൽ നിന്നും ലഭിച്ചത്. കേസ് പിൻവലിക്കുന്നത് സ്വാഭാവികമായ നീതിയുടെ നിഷേധമാണ്. തെറ്റായ വാദമാണ് ഹർജിയിലൂടെ സർക്കാർ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പിൻവലിക്കാൻ സർക്കാരിന് കഴിയില്ലെന്നും സഭയിലെ സംഭവത്തിൽ കേസില്ലെന്ന് അറിയിച്ച സ്പീക്കർക്ക് അതിന് അധികാരമില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾക്കുളള നിയമപരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുളള ലൈസൻസല്ലെന്നും കോടതി നിരീക്ഷിച്ചു.