bommai

ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മൈ സത്യപ്രതിജ്ഞ ചെയ്‌തു. തലസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണ‌ർ താവർചന്ദ് ഗെഹ്‌ലോട്ട് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കളാഴ്‌ച ബിജെപി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. തുടർന്ന് കേന്ദ്ര ബിജെപി നേതൃത്വം മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന ബൊമ്മൈയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് ബിജെപി സാമാജികരുടെ യോഗം ചേർന്ന് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ബംഗളൂരുവിൽ നടന്ന ലളിതമായ ചടങ്ങിൽ യെദ്യൂരപ്പയും സന്നിഹിതനായിരുന്നു. ചടങ്ങിന് മുൻപ് 61കാരനായ ബൊമ്മൈ യെദ്യൂരപ്പയെ കണ്ട് അനുഗ്രഹം വാങ്ങി. സത്യപ്രതിജ്ഞയ്‌ക്ക് എത്തുംമുൻപ് ക്ഷേത്രദർശനവും നടത്തി.

കർണാടകയിലെ ഹാവേരി ജില്ലയിലെ ഷിഗ്ഗാവോൻ മണ്ഡലത്തെ കഴിഞ്ഞ മൂന്ന് തവണയായി പ്രതിനിധീകരിക്കുന്ന ബൊമ്മൈ സംസ്ഥാനത്തെ ശക്തനായ ലിംഗായത്ത് സമുദായ നേതാവാണ്. വീരശൈവ-ലിംഗായത്ത് വിഭാഗമാണ് ക‌ർണാടകയിലെ ആകെ ജനസംഖ്യയിൽ 16 ശതമാനവും. അതിനാൽ തന്നെ സമുദായത്തിന്റെ താൽപര്യങ്ങൾക്കും യെദ്യൂരപ്പയുടെ താൽപര്യങ്ങൾക്കും ഉതകിയ ശക്തനായ നേതാവിനെ തന്നെയാണാ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്.

ജനതാദൾ നേതാവും കർണാടകയിലെ മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ്.ആർ ബൊമ്മൈയുടെ മകനാണ് ബസവരാജ ബൊമ്മൈ. 1980കളിൽ ജനതാദളിലൂടെ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 2008ൽ ബിജെപി അംഗമായി. രണ്ടുവട്ടം കർണാടക ലെജിസ്ളേറ്റിവ് കൗൺസിൽ അംഗമായി. ജെ.എച്ച് പാട്ടീൽ മുഖ്യമന്ത്രിയായപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായി. പിന്നീട് ബിജെപിയിലെത്തിയപ്പോൾ യെദ്യൂരപ്പയുടെ വിശ്വസ്‌തനായി നിലകൊണ്ടു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയായ അദ്ദേഹം ടാറ്റാ മോട്ടോ‌ഴ്‌സിൽ ജോലി നോക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്തെ കൊവിഡ് സ്ഥിതിഗതികളും വെള‌ളപ്പൊക്കം മൂലമുള‌ള പ്രശ്‌നങ്ങളുമാണ് ആദ്യ ക്യാബിനറ്റ് യോഗത്തിൽ ചർച്ച ചെയ്‌തത്.