തിരുവനന്തപുരം: മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മുട്ടിൽ മരംമുറികേസിൽ ഗ്രീൻ ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. ഓഗസ്റ്റ് 31നകം ചീഫ് സെക്രട്ടറിയും റവന്യു, വനം സെക്രട്ടറിമാരും മറുപടി നല്‍കണമെന്ന് ട്രിബ്യൂണലിന്റെ ദക്ഷിണ മേഖലാ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. മുറിച്ച മരങ്ങളുടെ എണ്ണം, മരം മുറി കൊണ്ടുണ്ടായ പാരിസ്ഥിതിക ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം എന്നീ കാര്യങ്ങൾ മറുപടിയിൽ വിശദമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെയും റവന്യൂ, വനം സെക്രട്ടറിമാരുടേയും റിപ്പോർട്ട് കൂടാതെ വയനാട് ജില്ലാ കളക്ടറുടെ റിപ്പോർട്ടും ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പട്ടയ ഭൂമിയിലെ മരം മുറിക്കലുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം ശരിയായ ദിശയിലല്ലെന്നും 701 കേസുകൾ രജിസ്റ്റർ ചെയ്‌തെന്ന് അവകാശപ്പെടുന്ന സർക്കാർ ഒരാളെപ്പോലും ഇതുവരെ അറസ്റ്റു ചെയ്യാത്തത് പ്രതികളുമായുള്ള ഒത്തുകളിയാണെന്ന് പറയേണ്ടിവരുമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. മരംമുറിക്കാൻ സർക്കാർ അനുമതി നൽകിയതിന്റെ മറവിൽ വൻതോതിൽ മുറിച്ചുകടത്തിയ കേസുകളിൽ അന്വേഷണം ഫലപ്രദമല്ലെന്നും സി ബി ഐ വേണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.