delta-variant

വാഷിംംഗ്ടൺ: കൊവിഡ് വകഭേദമായ ഡെൽറ്റ രാജ്യത്തെമ്പാടും വ്യാപിച്ചതോടെ പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും മാസ്ക് ധാരണം നിർബന്ധമാക്കി അമേരിക്ക. കൊവിഡ് വ്യാപനം കൂടിയ ലൊസാഞ്ചലസ്, സാൻഫ്രാന്‍സിസ്കോ, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയത്.നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാത്ഥികളും മാസ്ക് ധരിക്കണം.

ആരോഗ്യ വകുപ്പ് ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവനയിറക്കിയത്. കെട്ടിടങ്ങൾക്കുള്ളിലാണെങ്കിലും കൊവിഡ് കൂടുതലുള്ള പ്രദേശങ്ങളിലുള്ളവർ മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും വാക്‌സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും സ്‌കൂളുകളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മറ്റു സ്റ്റാഫുകളും സന്ദർശകരുമെല്ലാം മാസ്‌ക് ധരിച്ചിരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

വാക്‌സിനേഷൻ പൂർത്തിയാക്കിയവരിലും ഡെൽറ്റ പടർന്നുപിടിക്കുന്നതായി യു.എസ് സെന്റർ ഫോര്‍ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് നിയന്ത്രണ നടപടികൾ കർശനമാക്കിയത്.

നിലവിൽ റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ 80 ശതമാനം പേരെയും ഡെൽറ്റ വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പ്രസിഡന്റ് ജോ ബൈഡൻ അഭ്യർത്ഥിച്ചു.

കൂടുതൽ മികച്ച രീതിയിൽ വാക്‌സിനേഷൻ നടപ്പിലാക്കേണ്ടതുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നതെന്ന് ബൈഡൻ പ്രതികരിച്ചത്.രാജ്യത്തെ 20 ലക്ഷത്തിലേറെ വരുന്ന ഫെഡറൽ ഉദ്യോഗസ്ഥരിൽ വാക്‌സിനേഷൻ നിർബന്ധമാക്കുന്നതിനെ പറ്റി ആലോചിക്കുകയാണെന്നും ബൈഡൻ വ്യക്തമാക്കി.

@ ഇളവുകളുമായി സിംഗപ്പൂർ

കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾ നൽകാനൊരുങ്ങി സിംഗപ്പൂർ.സെപ്തംബർ മുതൽ ക്വാറന്റൈനൊഴിവാക്കി യാത്രക്കാരെ രാജ്യത്ത് പ്രവേശിപ്പിക്കും.

ഒരു വർഷത്തിന് ശേഷമാണ് കൂടുതൽ ഇളവു​കളോടെ മറ്റു രാജ്യങ്ങൾക്കായി അതിർത്തികൾ സിംഗപ്പൂർ തുറക്കുന്നത്​.

സെപ്തംബറോടെ 80 ശതമാനം പേർക്ക് വാക്​സിൻ നൽകാ​നാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ധനകാര്യ മന്ത്രി ലോറൻസ്​ വോംഗ്​ പാർലമെന്റിൽ അറിയിച്ചു. വാക്​സിനേഷൻ നിരക്ക്​ ഉയരുന്നതോടെ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. വാക്​സിൻ സ്വീകരിച്ചവർക്ക്​ പൊതു പരിപാടികളിൽ പ​ങ്കെടുക്കാം.

@ ലോകത്താകെ രോഗികൾ - 196,042,892

@ മരണം - 4,194,223

@ രോഗമുക്തർ - 177,722,456