ന്യൂഡൽഹി: ഒളിമ്പിക്സിൽ ദേശീയ പരിശീലകന്റെ സേവനം നിരസിച്ച ടേബിൾ ടെന്നിസ് താരം മണിക ബത്രക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ ആലോചിക്കുന്നു. ഒളിമ്പിക്സ് ടീമിന്റെ മുഖ്യപരിശീലകനായ സൗമ്യദീപ് റോയിയുടെ സേവനം നിരസിച്ചതുവഴി ഗുരുതരമായ അച്ചടക്ക ലംഘനമാണ് മണിക നടത്തിയിരിക്കുന്നതെന്നാണ് ടേബിൾ ടെന്നിസ് ഫെഡറേഷന്റെ പ്രാഥമിക വിലയിരുത്തൽ.
സ്വന്തം പരിശീലകൻ സന്‍മയ് പരഞ്ച്പേയിക്ക് സ്റ്റേഡിയത്തിൽ കയറാനുള്ള അനുവാദം നൽകാത്തതിൽ പ്രതിഷേധിച്ചാണ് മണിക സൗമ്യദീപ് റോയിയുടെ സേവനം അവഗണിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ സൗമ്യജിത്ത് റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ഫെഡറേഷൻ നിലപാട്. അടുത്ത മാസം ചേരുന്ന ടേബിൾ ടെന്നിസ് ഫെഡറേഷന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റി ഈ വിഷയം ചർച്ച ചെയ്ത് താരത്തിനെതിരെ എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കും. ടോക്കിയോയിലേക്കുള്ള ഇന്ത്യന്‍ സംഘത്തോടൊപ്പം തന്റെ സ്വന്തം പരിശീലകന്‍ സന്‍മയ് പരഞ്ച്പേയിയേയും ഉള്‍പ്പെടുത്തണമെന്നായിരുന്നു മണികയുടെ ആവശ്യം. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സന്‍മയ് സ്വന്തം നിലക്ക് ടോക്കിയോയിലെത്തി സ്വകാര്യ ഹോട്ടലില്‍ തങ്ങുകയായിരുന്നു.
മൂന്നാം റൗണ്ടിൽ ഓസ്‌ട്രിയയുടെ ലോക 17-ാം നമ്പര്‍ താരം സോഫിയ പൊള്‍ക്കനോവയോട് 11-8, 11-2, 11-5, 11-7 എന്ന സ്കോറിന് തോറ്റ മണിക ഒളിമ്പിക്സിൽ നിന്ന് പുറത്തായിരുന്നു.