തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം തമ്പുരാൻ റോഡിൽ 'ശ്രീ വിലാസ് "എന്ന വീടാണ് ലൊക്കേഷൻ. ചലച്ചിത്ര താരം ആത്മീയ രാജന്റെ മറുപാതി സനൂപിന്റെ വീട്. രണ്ടാം ലോക് ഡൗൺ ആത്മീയയെയും സനൂപിനെയും വീടിനു പുറത്തേക്ക് വിട്ടില്ല. അഞ്ചു മാസം മുൻപ് ലോക്ക്ഡൗൺ ഇളവിലായിരുന്നു വിവാഹം. മൂന്നുവർഷം നീണ്ട പ്രണയം വിവാഹത്തിലൂടെ സഫലീകരിച്ചതിന്റെ ആഹ്ളാദത്തിൽ ആത്മീയയും സനൂപും.മർചന്റ് നേവിയിൽ
ഉദ്യോഗസ്ഥനാണ് സനൂപ്. പൃഥ്വിരാജിന്റെ കോൾഡ് കേസാണ് ആത്മീയയുടെ പുതിയ സിനിമ. പ്രണയം , വിവാഹം, കുടുംബവിശേഷങ്ങൾ ആത്മീയ പങ്കുവയ്ക്കുമ്പോൾ പുറത്തു ഉച്ചവെയിൽ.
സനുവും ഞാനും കോളേജ് മേറ്റ്സ് .എന്നാൽ തമ്മിൽ പരിചയമില്ലായിരുന്നു. നേരിട്ടുകണ്ടിട്ടുമില്ല. പാസ് ഒൗട്ടായശേഷം സനു മെസേജ് അയച്ചു.സിനിമയിൽ അഭിനയിക്കുന്നെന്നറിഞ്ഞെന്നും സന്തോഷമുണ്ടെന്നും മെസേജ്. ആസമയത്ത് കോളേജിൽനിന്ന് ഫ്രണ്ട്സ് മെസേജ് അയയ്ക്കുമായിരുന്നു. കണ്ണൂർ ചെറുകുന്നിലായിരുന്നു അപ്പോൾ വീട്. സനു തളിപ്പറമ്പിലും. കുഞ്ഞുവിശേഷങ്ങളുമായി എപ്പോഴെങ്കിലും സനു ചാറ്റ് ചെയ്യും. നല്ലൊരു സഹോദരൻ സഹോദരി ബന്ധം. കുറച്ചുവർഷം സോഷ്യൽ മീഡിയയിൽ നിന്ന് ഞാൻ മാറിനിന്നു. തളിപ്പറമ്പിലേക്ക് വീടുമാറിയതോടെ ഒരേ നാട്ടുകാരായെങ്കിലും പിന്നെയും കുറെ കഴിഞ്ഞാണ് സനുവുമായാണ് ചാറ്റ് ചെയ്തതെന്ന് അറിയുന്നത്.മൂന്നാലുവർഷം കഴിഞ്ഞ് കണ്ടപ്പോഴും അത് ഒരു സഹോദരൻ സഹോദരി ബന്ധം തന്നെയായിരുന്നു. ക്ഷേത്രത്തിൽ പോവുമ്പോൾ എപ്പോഴെങ്കിലും സനുവിനെ കാണും. ചിലപ്പോൾ ചാറ്റ് ചെയ്യും.
ഒരേ ജിമ്മിൽ സനുവും ഞാനും. അവിടെവച്ചാണ് ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുന്നത്. മംഗലപുരം ശ്രീദേവി കോളേജും കാമ്പസും ഫ്രണ്ട്സുമായിരുന്നു ഞങ്ങളുടെ പതിവ് സംസാര വിഷയങ്ങൾ. കുറെ വർഷങ്ങൾക്കുശേഷം കോളേജ് വിശേഷം പങ്കുവയ്ക്കാൻ അരികിൽ കിട്ടിയ നല്ല കൂട്ടുകാരനായി സനു. തമിഴ് സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചതോടെ ചെന്നൈയിലേക്ക് താമസം മാറ്റി. ആസമയത്ത് ജോലിയുടെ ഭാഗമായ ട്രെയിനിംഗിന് ചെന്നൈയിൽ സനുവും എത്തി. അവിടെവച്ച് ഞങ്ങൾ കൂടുതൽ പരിചയപ്പെട്ടു. എപ്പോഴോ അത് പ്രണയമായി മാറുകയും ചെയ്തു. അതിനുശേഷമാണ് 'ജോസഫ്" സിനിമയിൽ അഭിനയിക്കുന്നത്. മാർക്കോണി മത്തായിയുടെ ഷൂട്ടിന്റെ സമയത്ത് സനുവിന്റെ വീട്ടുകാരും അടുത്ത ബന്ധുക്കളും വീട്ടിൽ വന്നു. വിവാഹം അപ്പോൾ തന്നെ തീരുമാനിച്ചെങ്കിലും സനുവിന്റെ ജോലിയുടെ തിരക്കുകാരണം നീണ്ടു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹമായിരുന്നു ഞങ്ങൾ രണ്ടുപേരുടെയും സ്വപ്നം. കഴിഞ്ഞവർഷം ജനുവരിയിൽ വിവാഹം തീരുമാനിച്ചു. കൊവിഡ് വ്യാപനം കൂടിയതിനാൽ പിന്നേയും ഒരുവർഷം വേണ്ടിവന്നു . കഴിഞ്ഞ ജനുവരി 25നായിരുന്നു വിവാഹം.അപ്പോഴും കൊവിഡ്. ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് അനുമതി ലഭിച്ചില്ല. നാട്ടിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്ക് മാത്രമേ പങ്കെടുക്കാൻകഴിഞ്ഞുള്ളൂ. എനിക്ക് രണ്ട് ചേച്ചിമാരുണ്ട്. വല്യേച്ചിക്കും ചേട്ടനും പങ്കെടുക്കാൻ കഴിഞ്ഞു. എന്നാൽ കുഞ്ഞേച്ചിയ്ക്കും ചേട്ടനും എത്താൻ കഴിഞ്ഞില്ല. അതിൽ വിഷമമുണ്ട്. എന്നാൽ അവരുടെ മനസ് എന്റെ കൂടെയുണ്ടായിരുന്നു.
എന്റെ സിനിമകൾ കണ്ട് സനു വിമർശിക്കാറുണ്ട്. തുറന്നു പറയുന്ന പ്രകൃതമാണ് സനുവിന്റേത്. ഞങ്ങൾ രണ്ടുപേരുടെയും പൊതു സ്വഭാവമാണിത്. ഇതായിരിക്കും മനസുകളെ ഒരുമിപ്പിച്ചത്. എന്തും സംസാരിക്കാം എന്ന സ്വാതന്ത്ര്യം ഞങ്ങൾ പരസ് പരം നൽകിയിട്ടുണ്ട്. എനിക്ക് ഏറ്റവും അനുയോജ്യമായ ആളുത്തന്നെ. സനു എപ്പോഴും കൂൾ.എന്നാൽ ചെറിയ കാര്യത്തിന് പോലും ഞാൻ ടെൻഷനടിക്കും. എന്റെ ടെൻഷനെ സനു അനായാസമായി മാറ്റിയെടുത്ത് കൂളാക്കും. സനുവിന്റെ സ്വഭാവത്തിൽ അതാണ് എനിക്ക് ഏറെ പ്രിയപ്പെട്ടത്.
വിവാഹം കഴിഞ്ഞ് യാത്രകൾ മുൻകൂട്ടി നിശ്ചയിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഗുരുവായൂരിൽ പോയി കണ്ണനെ കണ്ടു.മണാലി യാത്രയാണ് ഞങ്ങളുടെ സ്വപ്നം. എപ്പോഴായിരിക്കുമെന്ന് അറിയില്ലെങ്കിലും ആ യാത്ര ഉണ്ടാവും.കുറെ ക്ഷേത്രങ്ങളിൽ പോവണമെന്ന് സാനുവിനോട് പറഞ്ഞിട്ടുണ്ട്. വിവാഹത്തിന് ഒരാഴ്ച മുമ്പുവരെ 'അവനേവിലോന"യുടെ ഷൂട്ടുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടുദിവസത്തെ ഷൂട്ടും. വിവാഹത്തിന് മുൻപാണ് കോൾഡ് കേസ്, അവിയൽ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത്. വിവാഹശേഷം അഭിനയിച്ചത് ദ്വിഭാഷ ചിത്രത്തിൽ . ഫെബ്രുവരി ആദ്യം ആ ചിത്രത്തിൽ അഭിനയിക്കാൻ ചെന്നൈയിൽ പോയി. സനുവിനെയും എന്നെയും കൂടുതൽ അടുപ്പിച്ച ചെന്നൈ നഗരത്തിൽ ഞങ്ങൾ വീണ്ടും. വിവാഹം കഴിഞ്ഞ് മറ്റൊരിടത്തും പോവാൻ കഴിഞ്ഞില്ലെങ്കിലും ചെന്നൈയിൽ എത്താൻ സാധിച്ചു. സന്തോഷം നിറഞ്ഞ നാല്പതുദിവസങ്ങൾ. സിനിമയിൽ അഭിനയിക്കുന്നതിന് സനുവും വീട്ടുകാരും പൂർണ പിന്തുണ നൽകുന്നു. അത് എനിക്ക് തരുന്ന സന്തോഷം വലുതാണ്.വിവാഹം കഴിഞ്ഞുള്ള ആദ്യം ഒാണം വരാൻ പോവുന്നു.