deepika-kumari

ദീപിക കുമാരി ആർച്ചറി വ്യക്തിഗത വിഭാഗം ആർച്ചറി പ്രീ ക്വാർട്ടറിൽ

തരുൺദീപും പ്രവീൺ യാദവും പ്രീ ക്വാർട്ടർ കാണാതെ പുറത്ത്

ടോക്യോ: ലോക ഒന്നാം നമ്പർ താരവും ടോക്യോയിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയുമായ ദീപിക കുമാരി വനിതകളുടെ വ്യക്തിഗത അമ്പെയ്ത്ത് മത്സരത്തിന്റെ പ്രീ ക്വാർട്ടറിലെത്തി. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട എലിമിനേഷന്റെ രണ്ടാം റൗണ്ടിൽ അമേരിക്കയുടെ ജെന്നിഫർ മൂസിനോ ഫെർണാണ്ടസിനെ തോൽപ്പിച്ചാണ് ദീപികയുടെ പ്രീ ക്വാർട്ടർ പ്രവേശം. അമേരിക്കൻ താരത്തിന്റെ വെല്ലുവിളികൾ അതിജീവിച്ച് 6-4നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

യുമെനോഷിമ പാർക്കിൽ ഫ്ളഡ്ലിറ്റിന് കീഴിൽ നടന്ന മത്സരത്തിലെ ആദ്യ അമ്പുതന്നെ റെഡ്സോണിന് വെളിയിലാക്കി ദീപിക ഞെട്ടിച്ചുകൊണ്ടാണ് തുടങ്ങിയത്.എന്നാൽ തൊട്ടടുത്ത രണ്ട് എയ്ത്തുകളും 10 പോയിന്റിലെത്തിച്ച് ആത്മവിശ്വാസം വീണ്ടെടുത്തു. പക്ഷേ ആദ്യ സെറ്റ് ഒരു പോയിന്റ് ലീഡിൽ അമേരിക്കൻ താരം സ്വന്തമാക്കി. തുടർന്നുള്ള സെറ്റുകൾ നേടി മുന്നേറിയ ദീപികയ്ക്ക് നാലാം സെറ്റിൽ വീണ്ടും ഉന്നം തെറ്റി. ഈ സെറ്റിലെ ഒരു ശ്രമം വീണ്ടും റെഡ്സോണിന് പുറത്ത് തറച്ച് ആറ് പോയിന്റിൽ ഒതുങ്ങി. നാലാം സെറ്റ് നേടിയ ജെന്നിഫർ മത്സരം 4-4ന് സമനിലയിലാക്കിയതോടെ ദീപിക സമ്മർദ്ദത്തിലായി. ഒടുവിൽ ഷൂട്ടോഫിലാണ് ഇന്ത്യൻ താരത്തിന് വിജയിക്കാൻ കഴിഞ്ഞത്.

വെള്ളിയാഴ്ചയാണ് ദീപികയുടെ പ്രീ ക്വാർട്ടർ ഫൈനൽ മത്സരം.എതിരാളിയെരണ്ടാം റൗണ്ടിലെ മറ്റ് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ അറിയാം. നേരത്തേ എലിമിനേഷന്റെ ആദ്യ റൗണ്ടിൽ ഭൂട്ടാന്റെ യുവതാരം കർമയെ ദീപിക 6-0ത്തിന് കീഴടക്കിയിരുന്നു. ഒന്നാം നമ്പരായ ഇന്ത്യൻ താരത്തിന് മുന്നിൽ കർമ ഒരു വെല്ലുവിളിയേ ആയിരുന്നില്ല. എന്നാൽ രണ്ടാം റൗണ്ടിലെത്തിയപ്പോൾ വെല്ലുവിളി ഇരട്ടിയായി മാറി.ആർച്ചറിയിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയാണ് ദീപിക കുമാരി.നേരത്തേ മിക്സഡ് ഡബിൾസിൽ പ്രവീൺ യാദവിനൊപ്പം ചേർന്ന് മത്സരിച്ച ദീപിക പുറത്തായിരുന്നു.

പ്രവീണും തരുൺദീപും പുറത്ത്

അതേസമയം അമ്പെയ്ത്ത് പുരുഷ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ പ്രവീൺ യാദവും തരുൺദീപ് റായ്‌യും പ്രീ ക്വാർട്ടറിൽ പുറത്തായി. അമേരിക്കയുടെ ലോക ഒന്നാം നമ്പർ താരമായ ബ്രാഡി എലിസണിനോടാണ് പ്രവീൺ തോറ്റത്. 6-0ത്തിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ബ്രാഡിയുടെ വിജയം. എലിമിനേഷന്റെ ആദ്യ റൗണ്ടിൽ രണ്ടാം റാങ്ക് താരമായ റഷ്യയുടെ ഗൽസാൻ ബസർഷപോവിനെ അട്ടിമറിച്ച് പ്രീക്വാർട്ടറിലെത്തിയ പ്രവീണിന് പക്ഷേ ബ്രാഡിക്ക് മുന്നിൽ ആ മികവ് തുടരാനായില്ല. 28-27, 27-26, 26-23 എന്ന സ്‌കോറിനാണ് ബ്രാഡി അനായാസ വിജയം സ്വന്തമാക്കിയത്.

തരുൺദീപ് റായി പ്രീ ക്വാർട്ടറിൽ ഇസ്രയേലിന്റെ ഇറ്റായ് ഷാനിയോട് 6-5 എന്ന സ്കോറിനാണ് തോറ്റത്. ആദ്യറൗണ്ടിൽ തരുൺദീപ് ഉക്രൈന്റെ ഒലെകസിൽ ഹർബിനെ 6-4ന് തോൽപ്പിച്ചിരുന്നു.