ന്യൂഡൽഹി: ഇന്ത്യ ആസ്ഥാനമാക്കി പുതിയൊരു സ്വകാര്യ വിമാനകമ്പനി വരുന്നു. ഇന്ത്യക്കാരനും കോടീശ്വരനുമായ ബിസിനസുക്കാരൻ രാകേഷ് ജുംജുംവാലയുടെ നേതൃത്വത്തിലാണ് പുതിയ കമ്പനി തുടങ്ങുന്നത്. തുടക്കത്തിൽ 70ഓളം വിമാനങ്ങൾ ഈ കമ്പനിയുടെ കീഴിൽ സർവീസ് നടത്തുമെന്ന് രാകേഷ് ജുംജുംവാല പറഞ്ഞു. നാലു വർഷത്തിനുള്ളിൽ വിമാന സർവീസ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. 3.5 കോടി അമേരിക്കൻ ഡോളർ നിക്ഷേപിക്കാനാണ് രാകേഷ് ജുംജുംവാലയുടെ പദ്ധതി. കമ്പനിയുടെ 40 ശതമാനം ഷെയറുകൾ തന്റെ കൈയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ കേന്ദ്ര വ്യോമയാന വകുപ്പിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനു വേണ്ടി അപേക്ഷിച്ചിരിക്കുകയാണെന്നും 15 ദിവസത്തിനുള്ളിൽ അത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജുംജുംവാല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ആകാശ എയർലൈൻസ് എന്നു പേരിട്ടിരിക്കുന്ന വിമാനകമ്പനി വഴി 180 ഓളം യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന വിമാനങ്ങളുടെ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്.
അതേസമയം വൻ നഷ്ടത്തിൽ നടക്കുന്ന ഇന്ത്യയിലെ വിമാന കമ്പനികളുടെ കൂട്ടത്തിലേക്ക് ഒരു പുതിയ കമ്പനി കൂടി വരുന്നത് എത്രത്തോളം ഗുണകരമായിരിക്കുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. കിംഗ്‌ഫിഷർ, ജെറ്റ് എയർവേയ്സ് തുടങ്ങിയ വിമാനകമ്പനികളെല്ലാം നഷ്ടം വന്നതിനെ തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ പോലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ നഷ്ടമാണ് ഈ സാമ്പത്തിക വർഷം രേഖപ്പെടുത്തിയത്.