ന്യൂയോർക്ക്: കൊവിഡ് മഹാമാരിക്കിടയിലും റെക്കാഡ് നേട്ടവുമായി ആപ്പിൾ. ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ റെക്കാഡ് വരുമാനമാണ് കമ്പനി നേടിയത്. 81.4 ബില്ല്യൺ ഡോളറാണ് ആപ്പിളിന്റെ ജൂൺ പാദത്തിലെ വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 36 ശതമാനം അധികം. ആപ്പിളിന്റെ എല്ലാ ഉത്പ്പന്നങ്ങളിലും മികച്ച പ്രതികരണമാണ് ഈ പാദത്തിൽ ലഭ്യമായത്. ആപ്പിൾ ഐഫോണായിരുന്നു ഇതിലെ പ്രധാന വരുമാനമാർഗം. കൂടാതെ ഐപാഡ്, മാക്, ആപ്പിൾ വാച്ച്, ഹോംപോഡ് തുടങ്ങിയവയും കമ്പനിക്ക് കരുത്തേകി.
21.7 ബില്ല്യൺ ഡോളറാണ് ഈ സാമ്പത്തിക പാദത്തിലെ അറ്റാദായം. 2020ലെ ഈ പാദത്തേക്കാൾ 93ശതമാനം വർദ്ധനവാണിത്. ഉത്പ്പന്നങ്ങളെ കൂടാതെ ആപ്പിൾ മ്യൂസിക്, ഐക്ലൗഡ് തുടങ്ങിയവയുടെ സേവന വരുമാനവും ഇതിൽ ഉൾപ്പെടും.
ജൂൺ പാദത്തിലെ വരുമാന വർദ്ധനയിൽ ഇന്ത്യ പ്രധാന പങ്കുവഹിച്ചതായാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഇന്ത്യയെ കൂടാതെ ലാറ്റിനമേരിക്ക, വിയറ്റ്നാം തുടങ്ങിയവയും വരുമാന വർദ്ധനയിൽ പ്രധാന പങ്കുവഹിച്ചതായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. 5ജി ഫോണായ ഐഫോൺ 12 ആണ് ആപ്പിൾ ഉത്പ്പന്നങ്ങളിൽ ഉപഭോക്താക്കളെ ആകർഷിച്ചവയിൽ പ്രധാനം.